2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിൻ്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നൽകിയതിനെ എടുത്തു പറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് അമ്പരപ്പിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. 2010ല്‍ പാകിസ്ഥാനില്‍ പ്രളയം വന്നപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അരകോടി ഡോളര്‍ നൽകിയത് തരൂര്‍ ഒരിക്കലും മറക്കരുതായിരുന്നു.
രണ്ട് കോടി ഡോളര്‍ യുഎന്നിലൂടെയും നൽകി. മൊത്തം കൊടുത്തത് രണ്ടര കോടി ഡോളര്‍, ഏകദേശം 212 കോടി രൂപ! 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാൻ്റെ അതിഹീനമായ മുംബൈ ആക്രമണം. അതു കഴിഞ്ഞ് രണ്ട് കൊല്ലം ചെല്ലുമ്പോൾ ആയിരുന്നു ഇന്ത്യയുടെ ഈ നടപടിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യുപിഎ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തി കൂടിയാണ് തരൂര്‍. ഓര്‍ത്തിരിക്കേണ്ട അതുപോലും തരൂര്‍ മറന്നത് എന്തുകൊണ്ട്? വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിൻ്റെ ആഹ്വാനം അനുസരിച്ച് നൽകിയ സഹായത്തെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹം ഉപയോഗിക്കരുത് ആയിരുന്നു.
എന്തിനായിരിക്കാം അദ്ദേഹം തൻ്റെ പദവി ഇടിച്ചു താഴ്ത്തിയും കൃത്രിമ മറവി രോഗത്തിന് അടിമപ്പെട്ടും ഇത്തരമൊരു സാഹസിക കൃത്യത്തിന് മുതിര്‍ന്നത്? ആരെ തൃപ്‌തിപ്പെടുത്താൻ ആണിതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.