കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലെ മറ്റു പ്രമുഖ നേതാക്കളെക്കാൾ മുന്നിലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു നടത്തിയ മൂന്നാമത്തെ സർവേ സൂചിപ്പിക്കുന്നു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, ശശി തരൂർ എന്നിവരെക്കാൾ സതീശന് മുൻതൂക്കം ലഭിച്ചതായാണ് റിപ്പോർട്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നതാണ് ഭൂരിഭാഗം പേരുടെ അഭിപ്രായമെന്ന് സർവേ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണ് തുടങ്ങിയ വിഷയങ്ങളിലായി 12 ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ സർക്കാരിന്റെ പ്രവർത്തനം, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ജനാഭിപ്രായം എന്നിവയും പരിശോധിച്ചു.
കോൺഗ്രസിന് വോട്ട് ചെയ്യാനുള്ള സാദ്ധ്യത, പാർട്ടി മുഖ്യമന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കണം, നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണോ തുടങ്ങിയ കാര്യങ്ങളെയും കുറിച്ച് ജനങ്ങളുടെ നിലപാട് തേടി. കൂടാതെ എതിര്‍ പാർട്ടികളിലെ നേതാക്കളെക്കുറിച്ചുള്ള അഭിപ്രായങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ.കെ. ശൈലജ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരുകളും സർവേയിൽ ഉൾപ്പെട്ടിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തേക്കുമായി മണ്ഡലത്തിന് പുറത്തുള്ള നേതാക്കളുൾപ്പെടെ ആറു സാധ്യതയുള്ള സ്ഥാനാർത്ഥികളെ പ്രതികരിച്ചവർ നിർദേശിച്ചതായും വിവരമുണ്ട് .























