എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ മലയാളികള്‍ കൂട്ടത്തോടെ ഒരുങ്ങിയതോടെ ഇത്തവണ ഒരു ഡസന്‍ പേരെങ്കിലും മത്സരിച്ചേക്കും. സാധാരണ മലയാളികൾ എട്ടോളംപേര്‍ വരെയാണ് മത്സര രംഗത്തുണ്ടാകാറുള്ളത്. ഇത്തവണ അതിലും കൂടിയേക്കും.
ഇതുവരെ നോര്‍ത്താംപ്റ്റന്‍ കൗണ്ടി കൗണ്‍സിലേക്ക് മത്സരിക്കുന്ന ടൗണ്‍ കൗണ്‍സിലര്‍ ദിലീപ് കുമാര്‍, മുമ്പ് ഹണ്ടിങ്ങ്ടണ്‍ കൗണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജപ്പെട്ട ലീഡോ ജോര്‍ജ്, സോജന്‍ ജോസഫ് എംപിയായപ്പോള്‍ ആഷ്ഫോഡില്‍ രാജിവച്ച സീറ്റില്‍ മത്സരിച്ചു പരാജയപ്പെട്ട റീന മാത്യു, കാൻ്റെര്‍ബെറിയിലെ മലയാളി പൊതുപ്രവര്‍ത്തകന്‍ ബേബിച്ചന്‍ തോമസ് എന്നിവരാണ് മത്സരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ബേബിച്ചന്‍ കാൻ്റെര്‍ബെറിയിലെ വിസ്റ്റബിളില്‍ മത്സരിക്കുമ്പോള്‍ മൂന്ന് പേരും കൗണ്ടി സീറ്റിലേക്ക് ആണ് മത്സരിക്കുന്നത്. ദിലീപും റീനയും ദേശീയ ഭരണകക്ഷി ലേബറിൻ്റെ സ്ഥാനാര്‍ത്ഥികൾ. ലീഡോ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ആയും ബേബിച്ചന്‍ ഇരുപാര്‍ട്ടികളും ഭീഷണി നേരിടുന്ന തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി റീഫോമിന് വേണ്ടിയുമാണ് രംഗത്ത് എത്തുന്നത്.
റീഫോം പാര്‍ട്ടിക്ക് വേണ്ടി ഒരു മലയാളി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ എത്തുന്നത് എന്നതാണ് പ്രത്യേകത. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കെന്റില്‍ എന്‍എച്ച്എസില്‍ നഴ്‌സായ ബേബിച്ചന്‍ അക്കാരണത്താല്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് എത്തപ്പെട്ടതും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെ ഇന്‍ഡിപെൻ്റെഡന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായും ബേബിച്ചന്‍ മത്സരിച്ചിട്ടുണ്ട്.
നഴ്‌സിംഗ് സമൂഹത്തെ ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദരവോടെ കാണുന്നു എന്ന് തെളിയിച്ച നിലവിലെ എംപിയായി ജയിച്ച സോജന്‍ ജോസഫിന് പിന്നാലെ മറ്റൊരു നഴ്‌സ് കൂടി സജീവ രാഷ്ട്രീയത്തില്‍ എത്തുമ്പോള്‍ മലയാളികളില്‍ വലിയ പ്രതീക്ഷയാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിസ്റ്റണില്‍ ജീവിക്കുന്ന താന്‍ ബ്രിട്ടീഷ് സംസ്‌കാരം ഉയര്‍ത്തി പിടിക്കുന്നതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥി ആകുന്നതെന്ന് പ്രഖ്യാപിച്ചാണ് രംഗത്ത് വരുന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ എന്ന നിലപാടുമായി നില്‍ക്കുന്ന റീഫോം ഒരു കുടിയേറ്റക്കാരനെ സ്ഥാനാര്‍ത്ഥി ആക്കുമ്പോള്‍ പ്രദേശിക ജനസമൂഹം അതിനെ എപ്രകാരം കണക്കിലെടുക്കുമെന്നത് അദ്ദേഹത്തിൻ്റെ വിജയത്തില്‍ നിര്‍ണായകമായി മാറും.
കഴിഞ്ഞതവണ കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്താംപ്ടണില്‍ ദിലീപും ഹണ്ടിങ്ങ്ടണില്‍ ലീഡോയും പോരിന് ഇറങ്ങുന്നത്. ഇരുവര്‍ക്കും നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ദിലീപിൻ്റെ പരാജയം നൂറില്‍ താഴെ വോട്ടിനായിരുന്നു. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും പ്രതീക്ഷ കൂടുതലാണ്. ലീഡോ കഴിഞ്ഞ തവണ പിടിച്ചെടുക്കാം എന്ന ധാരണയില്‍ ലേബര്‍ ശക്തിദുര്‍ഗത്തിലെത്തി മത്സരിച്ചതാണ് വിനയായത്.
ഇത്തവണ പാര്‍ട്ടി വിജയിക്കാൻ ഉറപ്പുള്ള സീറ്റ് നൽകിയിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നതെന്ന് ലീഡോ വ്യക്തമാക്കി. ഹണ്ടിങ്ങ്ടണ്‍ നോര്‍ത്ത് വാര്‍ഡാണ് ടോറികള്‍ ലീഡോയ്ക്ക് ജയിച്ചു കയറാനായാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ലീഡോ കൗണ്ടിഹാളില്‍ വിജയിക്കുമെന്ന ഉറപ്പിലാണ്. അങ്കമാലി സ്വദേശിയായ ലീഡോ ബിസിനസ് രംഗത്തും സജീവമാണ്.
ദിലീപും കൂടുതല്‍ വിജയ പ്രതീക്ഷയോടെയാണ് പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. ഇപ്പോള്‍ നാട്ടിലുള്ള ലീഡോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വേഗത്തില്‍ യുകെയില്‍ മടങ്ങിയെത്താനുള്ള ശ്രമമാണ്. കിങ്സ്തോര്‍പ് നോര്‍ത്ത് സീറ്റില്‍ നിന്നുമാണ് ദിലീപിന് ജയിച്ചു കയറേണ്ടത്.
കഴിഞ്ഞ തവണത്തെ അനുഭവ പരിചയം ഉള്ളതിനാല്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടാനുള്ള ശ്രമത്തിലാണ് ദിലീപും പാര്‍ട്ടി പ്രവര്‍ത്തകരും. നിലവില്‍ ലോക കേരളസഭ അംഗം ആയ ദിലീപ് ഇടതുപക്ഷ അനുകൂല സംഘടന സമീക്ഷയുടെ ദേശീയ ഭാരവാഹി കൂടിയാണ്. സോളിസിറ്റര്‍ ആയ ദിലീപ് എറണാകുളം എളമക്കര സ്വദേശിയാണ്.
ഏതാനും മാസം മുമ്പ് നടന്ന പ്രാദേശിക ഇലക്ഷനില്‍ പരാജയപ്പെട്ട റീന അടുത്ത തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലേബറിന് വേണ്ടി കൗണ്ടി സീറ്റിലേക്കാണ് മത്സരിക്കുന്നത്. കടുത്ത ടോറി അനുകൂലികളുടെ സീറ്റ് ആയതിനാല്‍ കടുപ്പമേറിയ മത്സരം ആയിരിക്കും റീനക്ക്. ആഷ്ഫോര്‍ഡ് കൗണ്ടിയിലെ ഈലംവാലി എന്ന സീറ്റിലേക്കാണ് റീനയുടെ മത്സരം. നിലവില്‍ ടോറികള്‍ കൈവശം വച്ചിരിക്കുന്ന സീറ്റ് ആണിത്. ഇക്കഴിഞ്ഞ പാര്‍ലിമെന്റ് സീറ്റില്‍ ലേബര്‍ കൂടുതല്‍ വോട്ടു പിടിച്ചെടുത്തു ടോറികളെ പിന്നിലാക്കിയത് റീനയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകവുമാണ്.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാന കക്ഷികളായ ലേബറിനും ടോറികള്‍ക്കും എതിരെയുയര്‍ന്ന ജനവികാരം തിരഞ്ഞെടുപ്പ് രംഗത്തുള്ള മൂന്നു മലയാളി സ്ഥാനാര്‍ത്ഥികളാകും കരുത്തുകാട്ടുക. കുടിയേറ്റ വിരുദ്ധ വികാരം ലോകമെങ്ങും അലയടിക്കവേ അതിനെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ റീഫോം പരിശ്രമിക്കുമെന്ന് ഉറപ്പാണ്. അതിൻ്റെ നേട്ടം തദ്ദേശീയ സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാകും.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ വികാരം മുതലാക്കി പ്രചാരണം പുരോഗമിക്കുമ്പോള്‍ കുടിയേറ്റക്കാരായ സ്ഥാനാര്‍ത്ഥികള്‍ എല്ലാ പാര്‍ട്ടിയിലും വളരെ പണിപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.