ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് തങ്കമണി. കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. വളരെക്കാലം മുൻപ് ഈ മേഖലയിൽ അധിവസിച്ചിരുന്ന ആദിവാസി മൂപ്പനു മൂന്നു പെണ്മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ തങ്കമണി എന്ന മകൾക്ക് സ്ത്രീധനം ആയി നല്കിയ സ്ഥലമാണ് തങ്കമണി. ഇതാണ് തങ്കമണി എന്ന പേര് ഈ സ്ഥലത്തിനു കിട്ടുവാൻ കാരണമായി പറയുന്നത് . കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുലക്കിയ സംഭവമാണ് തങ്കമണി സംഭവമാണ് ഈ പ്രദേശം ചർച്ചയാകുന്നതിന് പിന്നിലെ കാരണം. കേരളാപോലീസിന്റേയും കരുണാകരൻ മന്ത്രി സഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം.
1986 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന “എലൈറ്റ്” എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു ഈ സംഭവത്തിനെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നത്. 1986 കാലഘട്ടത്തിൽ പാറമടയിൽ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോൾ ആളുകളെ ഇറക്കിവിടുകയും തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്തിരുന്നു. നിരവധി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്ന ഈ ബസിൽ സ്ഥിര യാത്രക്കാരനായിരുന്ന ഒരു വിദ്യാർത്ഥി ഇതിനെ ചോദ്യം ചെയ്തതോടെയാണ് ഒരു മന്ത്രിസഭയെ തന്നെ പിടിച്ചുകുലുക്കിയ വിവാദ സംഭവങ്ങൾക്ക് തുടക്കമാകുന്നത്.
ബസ് പാറമടയിൽ എത്തിയപ്പോൾ അത് തങ്കമണിവരെ കൊണ്ടുപോകണം എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാരും വിദ്യാർത്ഥിയും തമ്മിലുള്ള വാക്കുതർക്കത്തിനും കയ്യാങ്കളിയിലും എത്തിച്ചേർന്നു. കണ്ടക്ടർ വിദ്യാർഥിയെ വണ്ടിയിൽ നിന്നും മർദ്ദിച്ചു പുറത്താക്കി. സംഭവമറിഞ്ഞ ജനങ്ങൾ പിറ്റേ ദിവസം ബസ് തടയുകയും പിടിച്ചെടുക്കുകയും തങ്കമണി ടൗണിലേക്ക് ബലമായി കൊണ്ടുവരികയും ചെയ്തു.
ബസിലെ തൊഴിലാളികൾ മാപ്പു പറയാതെ വാഹനം വിട്ടുകൊടുക്കില്ലെന്ന് ജനങ്ങൾ നിലപാടെടുത്തു. ങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയിൽ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോൾ ജനങ്ങൾ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയിൽനിന്നും കാമാക്ഷിയിലേയ്ക്കുള്ള മോശമായ വഴിയിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിച്ച പോലീസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരിൽ വൈരാഗ്യം സൃഷ്ടിച്ചു.
പിറ്റേ ദിവസം അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ. സി തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സർവ സന്നാഹങ്ങളുമായി എത്തി. ഫാ. ജോസ് കോട്ടൂരും കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ് മാത്യു മത്തായി തേക്കമലയും ഐ. സി. തമ്പാനുമായി സംസാരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ തമ്പാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്കുനേരേ നിഷ്ഠുരമായി വെടിവയ്ക്കാൻ കൽപ്പിക്കുകയായിരുന്നു. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഫാ. ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോൾ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന് നിരവധി വാഹനങ്ങളിൽ പോലീസ് തങ്കമണിയിൽ വന്നിറങ്ങി. അവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറുകയും ചില വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു. നിരപരാധികളായ നിരവധി പേരെ മർദ്ദിക്കുകയും പിന്നീടു കട്ടപ്പനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ കൊണ്ടുപോയ പുരുഷന്മാരെ പോലീസ് കഠിനമായി പീഡിപ്പിച്ചു. ഇങ്ങനെ മൂന്നാംമുറ പരീക്ഷിക്കപ്പെട്ട പുരുഷന്മാർ വീണ്ടും മർദനമേറ്റുമരിക്കാതിരിക്കാൻ അവർക്ക് പോലീസ് ഇടിപ്പാസു നല്കുകയും ചെയ്തു. പോലീസിൻറെ തേർവാഴ്ചയിൽ ഭയചകിതരായ ചില പുരുഷന്മാർ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. സ്‌ത്രീകളും കുട്ടികളും തനിച്ചായ ഈ അവസരത്തിൽ പോലീസ് അവരുടെ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് പറയപ്പെടുന്നു.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ആറുമാസം ബാക്കി നിൽക്കുകയാണ് ഈ സംഭവങ്ങൾ നടക്കുന്നത്. കെ കരുണാകരന്റെ പോലീസ് നടത്തിയ ക്രൂരതകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നു. ഇടതുമുന്നണി വിഷയത്തെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി. യുഡിഎഫ് സർക്കാരിനെതിരെ വലിയ രീതിയിലുള്ള പൊതു വികാരം നിർമ്മിച്ച ഈ പ്രചാരണങ്ങൾക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തു.