വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ മുതലായവ പരിശോധിക്കുമെന്നാണ് വിവരം. മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
രാഷ്ട്രീയ പ്രേരിതമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ സോഫ്റ്റ്വേർ നിർമിക്കുന്ന എക്സാലോജിക് കരിമണൽ കമ്പനിക്ക് സേവനം നൽകിയെന്ന് അവകാശപ്പെടുന്നതിൽ പൊരുത്തക്കേടുണ്ടെന്നതാണ് വിമർശകർ ഉന്നയിക്കുന്നത്. നൽകിയ സേവനം എന്തെന്ന് വ്യക്തമാക്കാൻ ഇനിയും സാധിക്കാതെ വരുന്നത് മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സിപിഎമ്മിന് പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ കുന്തമുനയിൽ നിർത്താനുള്ള ആയുധം തന്നെയാണ് വിഷയത്തിലെ കേന്ദ്ര സർക്കാർ ഇടപ്പെടൽ.
അതേസമയം വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ അന്വേഷണത്തിൽ സി.പി.എം. നേതാക്കൾ പ്രതികരണത്തിന് തയ്യാറാകുന്നില്ല. തനിക്കൊന്നും അറിയില്ലെന്നും എന്ത് കേന്ദ്ര ഏജൻസിയെന്നുമായിരുന്നു എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി.പി.എം. നേതൃയോഗത്തിൽ പങ്കെടുക്കുന്നതിനായി എ.കെ.ജി. സെന്ററിലെത്തിയ എ.കെ. ബാലനും വിഷയത്തിൽ മൗനെ പാലിക്കുകയാണ് ചെയ്തത്.