സംഘപരിവാർ സംഘടനകളിൽ നിന്നും വിവാദം തുടരുന്ന എമ്പുരാൻ സിനിമ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തുനിന്നും എഎ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഈ സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. സിനിമയുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങൾ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തി എടുത്തിരിക്കുകയാണെന്ന് എഎ റഹീം പറഞ്ഞു.
മലയാളം സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും പക്ഷെ അവർക്ക് പോലും ഒരു ഘട്ടത്തിൽ ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാവേണ്ട സാഹചര്യമാണെന്നും എഎ റഹീം പറഞ്ഞു.
‘ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുകയാണ്. മോഹൻലാലിനും പൃഥ്വിരാജിനും എതിരായ സംഘടിതമായ ആക്രമണ നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സംഭവങ്ങൾ ഭരണഘടന നൽകുന്ന അവകാശകളുടെ ലംഘനം ആണ്’, റഹീം പറഞ്ഞു.