ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്‌ച ഹമാസ് നാല് ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ് ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ. അർബെൽ യഹൂദിനെ മോചിപ്പിക്കാതെ പലസ്‌തീനികളെ മടങ്ങാൻ അനുവദിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്.
പുറത്തിറക്കിയ പ്രസ്‌താവന
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്‌തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യം അതിർത്തിയിൽ
കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്‌തീനികൾ ഗാസ മുനമ്പിന്‍റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേൽ സൈന്യം അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.
നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നെതന്യാഹുവും ഇസ്രയേലും അനാവശ്യ പ്രകോപനം സൃഷ്‌ടിക്കുക ആണെന്നുമാണ് ഹമാസ് പറയുന്നത്. അർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്‌ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
ആരാണ് അർബെൽ യെഹൂദ്?
ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദ്. 2023 ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ കിബ്ബട്ട്സ് നിർ ഓസിൽ നിന്നാണ് അർബെൽ യെഹൂദിനെ തട്ടിക്കൊണ്ടു പോയിത്. അന്നത്തെ ആക്രമണത്തിൽ അർബെൽ യെഹൂദിയുടെ സഹോദരൻ ഡോലെവ് കൊല്ലപ്പെട്ടിരുന്നു. അർബെൽ യെഹൂദിയുടെ പങ്കാളിയെയും മറ്റ് നിരവധി ബന്ധുക്കളെയും തട്ടിക്കൊണ്ടു പോയെങ്കിലും ഇവരിൽ പലരേയും പിന്നീട് വിട്ടയച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ഏഴ് സ്ത്രീകൾ
ഗാസ വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ച 33 പേരടങ്ങുന്ന പ്രാരംഭ സംഘത്തിലെ ഏഴ് സ്ത്രീകളിൽ ഒരാളാണ് യെഹൂദ്. സിവിലിയൻ ഷിരി സിൽബർമാൻ ബിബാസ്, സൈനികരായ ബർഗർ, ലിറി അൽബഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ഏഴ് സ്ത്രീകൾ. ഇതിൽ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നീ വനിതാ സൈനികരെ ശനിയാഴ്‌ച മോചിപ്പിച്ചിരുന്നു.