പരിസ്ഥിതി പ്രശ്‌നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്ക് നവംബർ 18 മുതൽ നിരോധനം ഏർപ്പെടുത്തി. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും 10-11 മീറ്റർ മാത്രമാണ് നീളം അതിനാൽ വിനോദ സഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. പൊതുതാൽപര്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് നീക്കമെന്ന് കളക്‌ടർ വ്യക്തമാക്കി.
അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ- പാസ് സംവിധാനം കർശനമായി തുടരുകയാണ്. നീലഗിരി ജില്ലയുടെ രജിസ്ട്രേഷൻ നമ്പറില്ലാത്ത എല്ലാ വാഹനങ്ങൾക്കും ഇ- പാസ് ബാധകമാണ്. പ്രാദേശികമായി രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾക്ക് ഈ രേഖ ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം മേയ് ഏഴ് മുതൽ ഇ- പാസ് വഴിയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
ഇ- പാസ് ലഭിക്കാൻ യാത്രക്കാരുടെ എണ്ണം, വാഹനത്തിൻ്റെ മോഡൽ, ഇന്ധനം, സന്ദർശന- താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ചേർക്കണം. അപേക്ഷ സമർപ്പിച്ചാൽ ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കുമുള്ള പ്രവേശന പോയിന്റുകളിൽ ഇതു പരിശോധിക്കും. പാസ് ലഭിക്കാൻ epass.tnega.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
മദ്രാസ് ഹൈക്കോടതിയാണ് ഇ- പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാർക്ക് നിർദേശം നൽകിയത്. പിന്നീട് ഈ നിബന്ധന അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ഐഐടി മദ്രാസ്, ഐഐഎം ബെംഗളൂരു എന്നിവയുടെ പഠനത്തിൽ ഊട്ടിയിൽ പ്രതിദിനം 1,300 വാനുകൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നുണ്ടെന്നും ഇത് പരിസ്ഥിതിക്കും പ്രദേശവാസികൾക്കും ദോഷകരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം അഞ്ചു ലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്കു കൊടൈക്കനാലിൽ ഏർപ്പെടുത്തിയ നിരോധനവും തുടരുകയാണ്. ചെക്ക്പോസ്റ്റുകളിൽ കുപ്പികൾ പിടിച്ചെടുത്ത് ഓരോ കുപ്പിക്കും 20 രൂപ വീതം പിഴ ചുമത്തും. നാല് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 40,000 രൂപയോളം പിഴ ചുമത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.