100 ദിവസത്തെ ചുമ അഥവാ വില്ലൻ ചുമ എന്ന പകർച്ചവ്യാധിയുടെ 600-ലധികം കേസുകളാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. വില്ലൻ ചുമയിലെ ഈ ക്രമാതീതമായ വർധന ആരോഗ്യ വിദഗ്ധർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട്. ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വില്ലൻ ചുമ. ഇതിനെ പെർട്ടുസിസ് എന്നും വിളിക്കുന്നു. ജലദോഷം പോലെ ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ ആയതിനാലാണ് ഇതിനെ 100 ദിവസത്തെ ചുമ എന്ന് വിളിക്കുന്നത്.
കഠിനമായ ചുമ തന്നെയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടും ശ്വാസമെടുക്കുമ്പോൾ വൂപ്പിങ് ശബ്‍ദവും ഉണ്ടാകും. മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ, മൂക്കൊലിപ്പ്, തുമ്മൽ, നേരിയ ചുമ തുടങ്ങി ജലദോഷത്തിന് സമാന ലക്ഷണങ്ങളാകും ഉണ്ടാകുക. പിന്നീട് അണുബാധ കൂടുകയും കടുത്ത ചുമയായി മാറുകയും ചെയ്യുന്നു. തീവ്രമായ ചുമയ്ക്ക് ശേഷം ഛർദ്ദിയും ക്ഷീണവും ഉണ്ടാകാം. ചുമ ആഴ്ചകളോളം നീണ്ടു നിൽക്കുകയും ചെയ്യും. ഇത് കാര്യമായ ശ്വസന പ്രശനങ്ങൾക്കും കാരണമാകും.

ഇതിന്റെ അണുബാധ ശിശുക്കളിലും കുട്ടികളിലും ജീവന് ഭീഷണിയായേക്കാം. കുട്ടികൾക്ക് വില്ലൻചുമ പിടിപെട്ടാൽ മുതിർന്നവരെക്കാൾ അപകടകാരിയാകും. വില്ലൻ ചുമയുള്ള ആറ് മാസത്തിൽ താഴെയുള്ള മിക്ക കുഞ്ഞുങ്ങളും നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകൾ, ന്യുമോണിയ തുടങ്ങിയ സങ്കീർണതകളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. നവജാതശിശുക്കളിൽ മൂന്ന് ശതമാനമാണ് മരണ നിരക്ക്. ശിശുക്കളിൽ, ലക്ഷണങ്ങൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.
ഗുരുതരമായ ശ്വാസകോശ സംബന്ധമായ ഈ അണുബാധയുടെ വ്യാപനം തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പിൻ്റെ പ്രാധാന്യം വലുതാണ്. ഒരു പ്രാഥമിക പ്രതിരോധ നടപടി മാത്രമാണ് വാക്സിനേഷൻ. ചികിത്സയിൽ സാധാരണയായി ആൻറിബയോട്ടിക്കുകളും ഉൾപ്പെടുത്താറുണ്ട്. ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും നൽകുന്ന വാക്സിൻ ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകും. കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി നിലനിർത്താൻ ബൂസ്റ്ററുകൾ ഉണ്ട്. നവജാതശിശുക്കൾക്ക് സംരക്ഷണ ആൻ്റിബോഡികൾ നൽകാനായി ഓരോ ഗർഭകാലത്തും വാക്സിൻ സ്വീകരിക്കണം. ഇന്ത്യയിൽ വില്ലൻ ചുമയ്‌ക്ക് ഡിടിപി വാക്‌സിൻ ആണ് നൽകുന്നത്. ഡി’ എന്നാൽ ഡിഫ്തീരിയ, ‘ടി’ എന്നാൽ ടെറ്റനസ്, ‘പി’ എന്നാൽ പെർട്ടുസിസ്. ഏഴ് വയസ്സിന് മുകളിലുള്ള ആർക്കും ഡിടിപി വാക്സിൻ നൽകില്ല. എന്നാലും മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷണം തേടാനായി 11-12 വയസ്സിലും പിന്നീട് ഓരോ 10 വർഷത്തിലും ഡിടി യുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.























