29 April 2024

ഭൂമിയിൽ നിന്ന് മനുഷ്യൻ അപ്രത്യക്ഷമാകുമോ?; ജനസംഖ്യ നിരക്കിൽ വൻ ഇടിവെന്ന് പഠനം

1950 മുതൽ, ഫെർട്ടിലിറ്റി നിരക്ക് എല്ലാ രാജ്യങ്ങളിലും ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്.

ഭൂമിയിലെ ആകെ ജനസംഖ്യ എത്രയാണ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ഒരു ദിവസം എത്ര ജനനം നടക്കുന്നു എത്ര മരണം ഉണ്ടാകുന്നു എന്നൊക്കെ ആലോചിച്ചിട്ടുണ്ടോ? നിലവിൽ 8 ബില്യൺ ആളുകൾ നമ്മുടെ ഈ ഭൂമുഖത്ത് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാൻസെറ്റ് ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

1950 മുതൽ, ഫെർട്ടിലിറ്റി നിരക്ക് എല്ലാ രാജ്യങ്ങളിലും ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രവണത നൂറ്റാണ്ടിൻ്റെ അവസാനം വരെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാക്കും. 1950 കളിലെ 4.84 -ൽ നിന്ന്, ഫെർട്ടിലിറ്റി നിരക്ക് 2021-ൽ 2.23 ആയി കുറഞ്ഞു, 2100 -ഓടെ ഇത് 1.59 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2021 ൽ വാഷിംഗ്ടൺ സർവകലാശാലയിൽ ന‌ടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാർച്ച് 20 നാണ് ഈ പഠന റിപ്പോർട്ട് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചത്.

പഠനത്തിന് നേതൃത്വം കൊടുത്ത ഡോ. ക്രിസ്റ്റഫർ മുറെ, ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിന് വിവിധ ഘടകങ്ങൾ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും സ്ത്രീകൾക്കുള്ള വർധിച്ച അവസരങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങളുടെ വ്യാപകമായ ലഭ്യത, കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന ചെലവുകൾ, ചെറിയ കുടുംബങ്ങൾക്കുള്ള സാമൂഹിക മുൻഗണന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ജനസംഖ്യാപരമായ മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങൾ ആഴമേറിയതും ദൂരവ്യാപകവുമാണ്. ഇത് ആരോഗ്യ സംരക്ഷണം, തൊഴിൽ വിപണികൾ, സാമൂഹിക ക്ഷേമ സംവിധാനങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് വെല്ലുവിളികൾ ഉയർത്തുന്നുവെന്നാണ് ​ഗവേഷകർ പറയുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News