9 May 2024

അയാളുടെ ജീവിതം മാത്രമല്ല, പേര് പോലും താങ്കൾ സമൂഹത്തിന് മുന്നിൽ നജീബാക്കി

സിനിമ ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഇത്തരമൊരു മൃഗരതിയുടെ കഥ വിവാദമാക്കാൻ ശ്രമിച്ചത് താങ്കൾ തന്നെയല്ലേ.. അതിന്റെ പിന്നിലുള്ള മാർക്കറ്റിംഗ് എന്തെന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാണോ മലയാളികൾ

| ബഷീർ വള്ളിക്കുന്ന്

ബെന്യാമിന്റെ ഇന്നത്തെ പോസ്റ്റിൽ അദ്ദേഹം പറയുന്നത് എന്റെ നായകൻ “നജീബ് ആണ് , ഷുക്കൂർ അല്ല” എന്നാണ്. സമ്മതിച്ചു, നജീബ് ആണ് നായകൻ.. പക്ഷെ ഷുക്കൂറിനെ നജീബ് എന്ന് വിളിച്ചു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് ആരാണ്?.

താങ്കൾ തന്നെയല്ലേ അത് ചെയ്തത്?.. അയാളുടെ പേര് ശുകൂർ ആണെന്ന് അറിയുന്നവർ എത്ര പേരുണ്ട്.. അയാളുടെ ജീവിതം മാത്രമല്ല, പേര് പോലും താങ്കൾ സമൂഹത്തിന് മുന്നിൽ നജീബാക്കി. “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്നൊരു ടാഗ്‌ ലൈൻ ഉണ്ടാക്കി എല്ലാ വേദികളിലും നജീബിനെ പിടിച്ചിരുത്തി, അയാൾക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്ത് ഇപ്പോൾ പറയുന്നു, അയാൾ ഷുക്കൂറും എന്റെ കഥാപാത്രം നജീബുമാണെന്ന്.

സിനിമ ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഇത്തരമൊരു മൃഗരതിയുടെ കഥ വിവാദമാക്കാൻ ശ്രമിച്ചത് താങ്കൾ തന്നെയല്ലേ.. അതിന്റെ പിന്നിലുള്ള മാർക്കറ്റിംഗ് എന്തെന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാണോ മലയാളികൾ.

പുസ്തകത്തിലുണ്ടെങ്കിലും ഇത്രകാലവും പൊതുസമൂഹത്തിൽ ചർച്ചയാകാത്ത ഈ മൃഗരതി ഈ സിനിമ പുറത്തിറങ്ങുന്ന സമയത്ത്, നജീബ് എന്ന മനുഷ്യനിലേക്ക് എല്ലാ കണ്ണുകളും ഇന്റർവ്യൂകളും കേന്ദ്രീകരിക്കുന്ന സമയത്ത് വിവാദത്തിന് ഇട്ടുകൊടുക്കുക വഴി താങ്കൾ അപമാനിച്ചതും അവഹേളിച്ചതും ആ പാവം മനുഷ്യനെയല്ലേ.. അത് തിരിച്ചറിയാനുള്ള സാമൂഹ്യബോധം പോലും താങ്കൾക്കില്ലേ. മുപ്പത് ശതമാനമേ ഷുക്കൂർ ഉള്ളൂ ബാക്കി എന്റെ ഭാവനയാണ് എന്ന് താങ്കൾ ഇന്ന് പറഞ്ഞു. പക്ഷേ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ താങ്കൾ എഴുതി വെച്ചത് മറ്റൊന്നാണ്. എന്റെ വകയായി ഒന്നും കൂട്ടിച്ചേർക്കേണ്ടി വന്നിട്ടില്ല, ഇത് നജീബ് ജീവിച്ച ജീവിതമാണ് എന്ന്.

“നജീബിന്റെ ജീവിതത്തിന് മേൽ വായനക്കാരന്റെ രസത്തിന് വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ച് കെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അർഹിക്കുന്നുണ്ട്, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്” താങ്കൾ എഴുതിയ വരികളാണ് ഇത്. ആ നജീബിന്റെ ജീവിതത്തിലാണ് മൃഗരതിയടക്കം താങ്കൾ ചേർത്ത് വെച്ചത്. ഒരു നോവലെന്ന നിലക്ക് കഥാകാരന്റെ സ്വാതന്ത്ര്യത്തെ മനസ്സിലാക്കുന്നു, പക്ഷേ ഷുക്കൂർ എന്ന മനുഷ്യനെ അയാളുടെ പേര് പോലും തന്റെ കഥാപാത്രത്തിന്റേതാക്കി പൊതുസമൂഹത്തിൽ നിരന്തരം പ്രദർശിപ്പിച്ച് താങ്കൾ വിറ്റഴിച്ചത് ഇരുനൂറ്റമ്പത് പതിപ്പുകളാണ്.

സാഹിത്യവും അതിന്റെ ഭാവനാതലങ്ങളും ഒന്നുമറിയാത്ത ഒരു പാവം മനുഷ്യനെ ഇങ്ങനെ എഴുന്നള്ളിപ്പിച്ച് കൊണ്ട് നടക്കുകയും അതോടൊപ്പം അയാളുടെ സാമൂഹിക അസ്തിത്വത്തെ അങ്ങേയറ്റം അവഹേളിക്കുന്ന പരാമർശങ്ങൾ അയാളുടെ ജീവിത കഥയായി അവതരിപ്പിക്കുകയും ചെയ്തതിൽ താങ്കൾക് തെല്ലും മനസ്താപം തോന്നുന്നില്ലേ, ഇല്ലേ?.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News