നാൽപ്പത് വയസുള്ള സ്ത്രീ നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്.
ശനിയാഴ്‌ച രാവിലെ സ്രവ പരിശോധനാഫലം ലഭിക്കുമെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിപ രോഗബാധയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഒരാഴ്‌ചയായി യുവതി മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗലക്ഷണങ്ങളിൽ മാറ്റമില്ലാതെ ആയതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വെള്ളിയാഴ്‌ച വൈകിട്ടോടെ ആയിരുന്നു യുവതിയെ കോഴിക്കോട് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.