.പ്രമോദ് പുഴങ്കര
സിദ്ധിഖ് കാപ്പൻ ഇപ്പോഴും തടവിലാണ് എന്നത് ഒരു സാധാരണ വാർത്തയായി മാറിയ കാലമാണ് ആ തടവിനെ, അനീതിയെ ഒന്നുകൂടി ഭീകരമാക്കുന്നത്. “ഉത്തരവാദിത്തമുള്ള ഒരു മാധ്യമ പ്രവർത്തകനെ പോലെ ” സിദ്ധിഖ് കാപ്പൻ എഴുതിയില്ല എന്നാരോപിക്കുന്നു പൊലീസ് നൽകിയ കുറ്റപത്രം. ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ തടവറകളില്ലാത്ത നല്ല വാർത്തകൾ മാത്രം നൽകുന്നു.
കാപ്പന്റെ തടവ് ഇന്ത്യയിൽ യുഎപിഎയും രാജ്യദ്രോഹ വകുപ്പും വെച്ച് മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ അടിച്ചമർത്തലുകളിൽ ഒന്നാണ്. മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരായ നിരവധി പേർ ഈ രാജ്യത്ത് പ്രത്യേകിച്ചൊരു കുറ്റവും ചെയ്യാതെ തടവറകളിലാണ്. കുറ്റകരമായ മൗനമാണ് നമ്മുടെ മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.
മാവോയിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും അനുകൂലമായി വാർത്തയെഴുതി എന്ന് അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്. മാവോയിസ്റ്റിൽ നിന്നും കമ്മ്യൂണിസ്റ്റ് എന്ന കൂടുതൽ വിശാലമായ രാഷ്ട്രീയ വാക്കിലേക്ക് മോദി സർക്കാർ എത്തിയിരിക്കുന്നു.
സിദ്ധിഖ് കാപ്പനടക്കമുള്ള യുഎപിഎ തടവുകാർക്ക് നീതി ഉറപ്പാക്കണം. ഇത്രയും അവസരവാദപരമായ മൗനം കൊണ്ട് നിറച്ച പകലുകളിൽ നിന്നും എങ്ങനെയാണ് നിങ്ങൾ അല്പനേരമെങ്കിലും രാത്രിയിൽ ഉറങ്ങാൻ പോകുന്നത്?























