മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ 64 ആം പിറന്നാൾ ആഘോഷമാക്കാൻ സംസ്ഥാനത്തെ തിയേറ്ററുകൾ ഒരുങ്ങുന്നു. മോഹൻലാലിൻറെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകൾ റീ റിലീസ് ചെയ്തുകൊണ്ടാണ് വിവിധ സ്ഥലങ്ങളിൽ പിറന്നാൾ ആഘോഷം ഗംഭീരം ആക്കാൻ ആരാധകർ ഒരുങ്ങുന്നത്.
ഏയ് ഓട്ടോ, ഇരുവർ, തൂവാനതുമ്പികൾ, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാൻ, ഭ്രമരം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ഒമ്പതോളം സിനിമകൾ ആണ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നത്. തിരുവനന്തപുരം എറീസ് പ്ലസ്സിൽ മെയ് 20,21,22 തിയതികളിൽ ആണ് സിനിമകൾ പ്രദർശനം നടത്തുന്നത് .
ഇതോടൊപ്പം എറണാകുളം വനിതാ വിനീത ഉൾപ്പെടെ കേരളത്തിലെ പ്രധാന തിയേറ്ററുകൾ കേന്ദ്രീകരിച്ചു വൻ ആഘോഷങ്ങൾ ആണ് പിറന്നാൾ ദിനത്തിൽ ആരാധകർ ഏറ്റെടുത്ത് നടത്തുന്നത്. മേയ് 21 നാണ് മോഹൻലാലിന്റെ 64ാം പിറന്നാൾ. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, 21 ന് ആറാം തമ്പുരാൻ, തൂവാന തുമ്പികൾ, നരസിംഹം, 22 ന് ഹിസ് ഹൈനസ് അബ്‌ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ലാലേട്ടൻ മൂവി ഫെസ്റ്റിവൽ എന്ന പേരിൽ ആണ് പ്രദർശനം നടക്കുന്നത്.
മലൈകോട്ടയ് വാലിബൻ എന്ന ലിജോ ജോസ് സിനിമയാണ് മോഹൻലാലിന്റെതായി അവസാനം തിയേറ്ററുകൾ എത്തിയത്. നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. ഒപ്പം പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ട്.























