അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.
എന്താണ്? എവിടെയാണ് അഗസ്ത്യാർകൂടം
അഗസ്ത്യാർകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യകൂടം.
അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. അഗസ്ത്യകൂടം മലയിൽ (പൊതിയൽ മല) അവലോകിനേശ്വര വിശ്വാസ സമ്പ്രദായം നിലവിലിരുന്ന ബുദ്ധമത കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സാക്ഷ്യപ്പെടുതുന്നു.
അവിടെ നിലനിന്നിരുന്ന ആരാധനയെപ്പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ (ഏപ്രിൽ – മേയ്) ആയിരുന്നു തീർത്ഥാടനമായി ഭക്തർ വന്നു ചേർന്നിരുന്നത്. മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നിലനിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം.