അന്താരാഷ്ട്ര സ്പോർട്സ് ചാനലായ ഇ.എസ്.പി.എൻ.ന്റെ പേരിൽ കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ്. ഇ. ഒറാക്കിൾ എന്ന കമ്പനിയുടെ പ്രതിനിധികാളാണെന്ന് പറഞ്ഞാണ് മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് അരങ്ങേറുന്നത്. ഈ കമ്പനിയ്ക്ക് ഇ.എസ്.പി.എൻ. സ്പോർട്ട്സ് ചാനലുമായി യാതൊരു ബന്ധവുമില്ലാത്തപ്പോഴാണ് തങ്ങൾ ഇ.എസ്.പി.എൻ. കമ്പനിയുടെ പ്രതിനിധികൾ ആണെന്ന് പറഞ്ഞു മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് നടത്തുന്നത്.
ഇന്ത്യയിൽ ഇതുവരെ അനുമതി ലഭിയ്ക്കാത്ത ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കാം എന്ന് വ്യാമോഹം നൽകിയാണ് ഇ എസ് പി എൻ ചാനലിന്റെ പേരിൽ ഇവർ കേരളത്തിലുൾപ്പെടെ തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ തട്ടിപ്പിന്റെ വലയിൽ വീണട്ടുള്ളത്. കോടികണക്കിന് രൂപ വിവിധ ഇടങ്ങളിലായി ആളുകൾ ഇതിൽ നിക്ഷേപിച്ചിട്ടുള്ളതായി ഒരു ഏജന്റ് വെളിപ്പെടുത്തി.
രാജ്യത്ത് ഇതുവരെ അനുമതി ലഭിയ്ക്കാത്ത ക്രിപ്റ്റോ കറൻസിയുടെ പേരിൽ ആളുകളെ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു വഞ്ചിക്കുന്നതിലുപരി ഒരു അന്താരാഷ്ട്ര മാധ്യമത്തിന്റെ പേരിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
30,000 രൂപ നിക്ഷേപിച്ചാൽ എല്ലാമാസവും 6,000 രൂപ വീതം ഒരു വർഷത്തേക്ക് സ്ഥിരവരുമാനം ലഭിക്കുമെന്നും നിക്ഷേപം കൂടുന്നതിനനുസരിച്ച് റിട്ടേണും ഇരട്ടിയാവുമെന്നും ഇവർ പറഞ്ഞു കബളിപ്പിയ്ക്കുന്നു. മൂന്നു ലക്ഷത്തി പതിനാലായിരത്തി തൊള്ളയിരത്തി അറുപതു രൂപ നിക്ഷേപിച്ചാൽ തൊട്ടടുത്ത ദിവസം 35,550 രൂപ ലഭിക്കുമെന്നും പിന്നീട് ആദ്യ ആഴ്ച മുതൽ ഉള്ള 5 ആഴ്ചയിലേക്ക് എല്ലാ ആഴ്ചയിലും 5250 രൂപ ലഭിക്കും എന്നും ഇവർ പറയുന്നു. ആറാമത്തെ ആഴ്ച മുതൽ 18,270 രൂപ ലഭിക്കും എന്നാണ് ഇവർ പറയുന്നത്. ഈ തുക അമ്പത്തി രണ്ടാമത്തെ ആഴ്ച വരെ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കും.
അങ്ങനെ ഒരു വർഷം ആകുമ്പോഴേക്കും ആകെ 9,87,480 രൂപ ലഭിയ്ക്കുമെന്നാണ് ഇവർ പറയുന്നത്. ഈ തുക വേണമെങ്കിൽ അതാതു സമയത്ത് പിൻവലിക്കാം എന്നും അല്ലെങ്കിൽ ക്രിപ്റ്റോകറൻസി ആയി നിക്ഷേപിക്കാം എന്നും ഇവർ പറയുന്നു. കൂടുതൽ ആളുകളെ നിക്ഷേപത്തിലേയ്ക്ക് ആകർഷിയ്ക്കാൻ സഹായിച്ചാൽ വരുമാനവും കൂടും എന്ന ഓഫറും ഇവർ ഇതോടൊപ്പം നൽകുന്നുണ്ട്. തങ്ങൾ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനി ആണെന്ന് പറയാതെ പറഞ്ഞാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
ഇ.എസ്.പി.എൻ. എന്റർടെയ്ൻമെന്റ് ആൻഡ് സ്പോർട്സ് പ്രോഗ്രാമിങ് നെറ്റ്‌വർക്ക്, ഇഎസ്പിഎൻ ദ വാൾട്ട് ഡിസ്നി കമ്പനി, ഹേഴ്സ്റ്റ് കമ്യൂണിക്കേഷൻസ് എന്നിവരുടെ സംയുക്ത സംരംഭമാണ്. 1979 ൽ ബിൽ റോസ്മുസെൻ, മകൻ സ്കോട്ട് റാസ്മുസെൻ, എഡ് എഗൻ എന്നിവരോടൊപ്പം ചേർന്ന് സ്ഥാപിച്ചതാണിത്.
ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം രാജ്യങ്ങളിൽ നെറ്റ് വർക്ക് ഉള്ള ചാനലാണ് ഇ.എസ്.പി.എൻ. ആ മാധ്യമ കമ്പിനി ഇത്തരം ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ഥാപനം തുടങ്ങിയത് സംബന്ധിച്ച് ഗൂഗിളിലോ കമ്പനിയുടെ വെബ്സൈറ്റിലോ എവിടെയും പരാമർശിയ്ക്കപ്പെടുന്നത് പോലുമില്ല. എന്നാൽ ഇത്തരം അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാതെ തട്ടിപ്പിൽ ചെന്ന് ചാടുകയാണ് ആളുകൾ. തട്ടിപ്പിനായി ഇവർ ഇഎസ്പിഎൻനു സമാനമായ ലോഗോയും ആണ് ഉപയോഗിക്കുന്നത്
സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ഉള്ള നിരവധി പേരുടെ സമ്പാദ്യമാണ് ഒറ്റയടിക്ക് ഇവർ കൈക്കലാക്കിയിട്ടുള്ളത്. ഇതിൽ അധ്യാപകർ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്നുണ്ട്. ഇ എസ് പി എൻ ചാനലിന്റെ പേരിലുള്ള വിശ്വാസ്യത ആണ് ഇവർ മുതലെടുക്കുന്നത്.
വിവിധ മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനികൾ സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വലിയ രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് ഇതാദ്യമായിരിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസിന് കൃത്യമായ ധാരണ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കുന്നത്. വരും ദിവസങ്ങളിൽ ഈ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.























