ഡോ. ആസാദ്
ജാതിവാലുകള്‍ വെട്ടി മഹാപുരുഷരെ മോചിപ്പിക്കാന്‍ തമിഴ്നാട്ടില്‍ നടക്കുന്ന ശ്രമം അഭിനന്ദനീയമാകുന്നു.
പാഠപുസ്തകങ്ങളില്‍നിന്നും പൊതു റോഡുകളുടെയും തെരുവുകളുടെയും നാമധേയങ്ങളില്‍നിന്നും ജാതിവാലുകള്‍ നീക്കം ചെയ്യണമെന്നു പറയാന്‍ തമിഴ് ജനതയോളം ആര്‍ജ്ജവം ആരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
അത്തരത്തിലുള്ള നീക്കം സ്റ്റാലിന്‍സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായി വാര്‍ത്ത കണ്ടു. നന്നായി. വളരെ സന്തോഷം. അഭിവാദ്യം. നവോത്ഥാന മഹിമയും പാരമ്പര്യവും പാടുന്ന മലയാളിക്കും ആ പാത പിന്തുടരാവുന്നതാണ്. ജാതിവാലുകള്‍ മുറിച്ചുമാറ്റി മഹാന്മാരായ മനുഷ്യരെ ചരിത്രപുസ്തകങ്ങളില്‍ പുതുക്കി നിര്‍ത്താം. മാദ്ധ്യമങ്ങളിലും പുസ്തകങ്ങളിലും പൊതുരേഖകളിലും സ്മാരകങ്ങളിലും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന ജാതിവാലുകളും തുടച്ചു നീക്കാം.
നമ്മോടൊപ്പം ജീവിക്കുന്നവരെ ജാതി തിരിച്ച് അഭിസംബോധന ചെയ്യില്ല എന്നു തീരുമാനിക്കാം. റോഡിനും തെരുവിനും നല്‍കിയ പേരുകളില്‍ ജാതിവാലുണ്ടെങ്കില്‍ ആ ഭാഗം മുറിച്ചു നീക്കാം. തമിഴ്നാട് ഇക്കാര്യത്തില്‍ മാതൃക കാണിക്കുന്നു.























