കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചൊവാഴ്‌ചയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.
മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് തന്നെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്‌ച നീണ്ടുനിന്നു. ചൊവാഴ്‌ച രാവിലെയാണ് അതിജീവിത ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിയത്.























