‘സിഡ്‌നിയിൽ 15 പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ അച്ഛനും മകനും കഴിഞ്ഞ മാസം രാജ്യം സന്ദർശിച്ചതായും ഇന്ത്യൻ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്‌തതായും ഫിലിപ്പീൻസ് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞതായി’ സിഡ്‌നി മോർണിംഗ് ഹെറാൾഡ് പത്രം ചൊവ്വാഴ്‌ച രാവിലെ റിപ്പോർട്ട് ചെയ്‌തു.
‘സാജിദ് അക്രം (50), നവീദ് അക്രം (24) എന്നിവർ നവംബർ 1ന് സിഡ്‌നിയിൽ നിന്ന് ഒരുമിച്ച് എത്തി. നവംബർ 28ന് പുറപ്പെട്ടു’ എന്ന് ഫിലിപ്പീൻസ് ഇമിഗ്രേഷൻ ബ്യൂറോയുടെ വക്താവ് ചൊവ്വാഴ്‌ച പറഞ്ഞതായി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു.
“ആക്രമണത്തിന് തൊട്ടുമുമ്പുള്ള സമയത്തെ വെടിവെപ്പുകാരുടെ നീക്കങ്ങളെ കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഇത് ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പറഞ്ഞു,” -സിഡ്‌നി മോണിംഗ് ഹെറാൾഡ് കൂട്ടിച്ചേർത്തു.
1998ൽ സ്റ്റുഡന്റ് വിസയിലാണ് സാജിദ് അക്രം ആദ്യമായി ഓസ്‌ട്രേലിയയിലേക്ക് പോയതെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന്, അദ്ദേഹം റെസിഡൻസി വിസ നേടി ഒരു ഇറ്റാലിയൻ സ്ത്രീയെ വിവാഹം കഴിച്ചു. നവീദ് തൻ്റെ മൂന്ന് മക്കളിൽ മൂത്തവനാണ്.
ഞായറാഴ്‌ച വൈകുന്നേരം സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെയ്‌പ്പിൽ ന്യൂ സൗത്ത് വെയിൽസ് പോലീസ് സാജിദിനെ കൊലപ്പെടുത്തി. നവീദിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.























