നടന് മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നുപറയുകയാണ് നൈല ഉഷ. ഫേസ്ബുക്കിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും നൈല ഉഷ പങ്കുവെച്ചിട്ടുണ്ട്. ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരമുണ്ടാക്കി തരണമെന്നും നൈല ഉഷ പറയുന്നുണ്ട്.
‘കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്. പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്,’ നൈല ഉഷയുടെ കുറിപ്പിൽ പറയുന്നു.
മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയായിരുന്നു നൈല ഉഷ മലയാള സിനിമയിലേക്കെത്തിയത്. അതിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും മമ്മൂട്ടിക്കൊപ്പം നൈല അഭിനയിച്ചിരുന്നു. ഈ രണ്ട് സിനിമകളുടെയും അടുത്ത ഭാഗമുണ്ടാകുമോയെന്നും നൈലയുടെ പോസ്റ്റിന് താഴെ ചോദ്യങ്ങളുയരുന്നുണ്ട്. വെറൈറ്റി ചാൻസ് ചോദിക്കലാണല്ലോയെന്നും കമന്റുകളുണ്ട്.
ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളാണ് നൈലയുടെ അവസാനമിറങ്ങിയ ചിത്രങ്ങൾ. പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.























