ഛത്തീസ്ഗഡിലെ സുക്‌മ ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന ഒരു പ്രധാന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 16 നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. സംസ്ഥാന പോലീസിൻ്റെ ഒരു യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ (ഡിആർജി) ഉൾപ്പെട്ടവരാണ് പരിക്കേറ്റ ജവാന്മാരെന്ന് അവർ പറഞ്ഞു.
കെർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെ എട്ട് മണിയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെട്ടിരുന്ന സ്ഥലത്താണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ബസ്‌തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ്.പി പിടിഐയോട് പറഞ്ഞു.
“ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 16 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്,” -അദ്ദേഹം പറഞ്ഞു.
കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ചരാത്രി ആരംഭിച്ച ഓപ്പറേഷനിൽ ഡിആർജിയിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐജി പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ട് ഡിആർജി ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റുവെന്നും അവരുടെ നില സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
എകെ-47 റൈഫിൾ, സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഇൻസാസ് റൈഫിൾ, .303 റൈഫിൾ, റോക്കറ്റ് ലോഞ്ചർ, ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ), സ്ഫോടക വവസ്‌തുക്കൾ എന്നിവയുൾപ്പെടെയുള്ള വലിയൊരു തോക്ക് ശേഖരം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സുന്ദർരാജ് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ നടപടിയോടെ, ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 132 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ 116 പേരെ ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ ഡിവിഷനിൽ നിന്ന് ഇല്ലാതാക്കി.