പതിനാറ് വയസുകാരനെ ഐ.എസ്.ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മക്കും രണ്ടാനച്ഛനും എതിരെ യുഎപിഎ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് മതപരിവർത്തനം നടത്തിയിരുന്നു. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐ.എസ്.ഐ.എസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു. 16 വയസുള്ള ഈ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യുകെയിൽ ആണ് താമസിക്കുന്നത്. കുട്ടി യുകെയിൽ എത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി സ്വാധീക്കാൻ ശ്രമിച്ചതായാണ് പരാതി.
ദമ്പതികൾ നാട്ടിൽ എത്തിയപ്പോള്‍ കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിൽ ആക്കി. എന്നാൽ കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട മതപഠന ശാല അധികൃതർ അമ്മയുടെ പത്തനംതിട്ടയിലെ കുടുംബ വീട്ടിൽ വിവരം അറിയിക്കുക ആയിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി.
പതിനാറുകാരൻ്റെ അമ്മക്കും രണ്ടാനച്ഛനും എതിരെ ഇതോടെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ എൻഐഎ വിവര ശേഖരണം ആരംഭിച്ചു.























