| ഷമീൽ സലാഹ്
48 ഓവറിൽ നിന്നുമായി 315 റൺസ് എന്ന ഭീമമായ ലക്ഷ്യം പിന്തുടരുക എന്നത് തന്നെ തീർത്തും അസാധ്യമെന്ന് തോന്നിപ്പിച്ച ആ കാലത്തിലെ ആ അഭിമാന പോരാട്ടം. മറുപടി ബാറ്റിങ്ങിൽ, ധാക്കയിലെ സ്റ്റേഡിയത്തിലും എമ്പാടുമുള്ള ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലുള്ള ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിലേറ്റി ഇന്ത്യയുടെ മിന്നൽ തുടക്കവും….
സച്ചിൻ -ഗാംഗുലി ഓപ്പണിങ് ജോഡി പാക് ബൗളർമാരെ ബൗണ്ടറികളുമായി എതിരേറ്റപ്പോൾ., അസർ മഹ്മൂദിനെതിരെ തുടരെ ബൗണ്ടറികളുമായി സച്ചിൻ കൂടുതൽ കത്തിക്കയറുകയും ചെയ്തു.
അപ്പോഴായിരുന്നു അത് സംഭവിച്ചത്. വമ്പൻ സ്കോറിനെതിരെ പൊരുതാൻ ആ ടൂർണമെന്റിൽ മാരക ഫോമിൽ ഉണ്ടായിരുന്ന, ഏറെ പ്രതീക്ഷകൾ വെച്ചിരുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ പുറത്ത്.!!!
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ അഫ്രീദിയുടെ പന്തിൽ സച്ചിനിൽ നിന്നും ഏറെ തല്ല് വാങ്ങിയ അസർ മഹ്മൂദിന്റെ കൈകളിൽ തന്നെ ഒതുങ്ങി 26 പന്തിൽ നിന്നും 7 ബൗണ്ടറികളുടെയും, 1 സിക്സറിന്റെയും അകമ്പടിയിൽ 41 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 77 റൺസ്. വിജയത്തിലേക്കുള്ള ദൂരം ഇനിയുമുണ്ടെന്നിരിക്കെ സാധ്യതകൾ അവസാനിച്ചെന്ന് തോന്നിപ്പിച്ച സന്ദർഭം.
ആ ടൂർണമെന്റിൽ 1സെഞ്ചുറിയും, 2 അർധ സെഞ്ചുറിയും അടക്കം ഫോമിൽ തന്നെയുള്ള ക്യാപ്റ്റൻ അസറിന്റെ ഊഴം കാത്തിരിക്കുമ്പോൾ..തനിക്ക് മുന്നേ ബാറ്റിങ്ങിനായി അസർ മൈതാനത്തേക്ക് പറഞ്ഞു വിട്ടത് റോബിൻ സിങ്ങിനെയായിരുന്നു. ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും, മാസങ്ങൾക്ക് മുമ്പ് ഇതുപോലൊരു രണ്ടാം നമ്പറിൽ വന്നു തന്റെ ഒരേയൊരു ഏകദിന സെഞ്ചുറി കൂടി പിറന്ന മത്സരം ഓർത്തപ്പോൾ…..വീണ്ടും പ്രദീക്ഷകൾക്ക് ചിറക് വെച്ചു. ആ തന്ത്രം വിജയിക്കുകയും ചെയ്തു.!!!
ഗാംഗുലി ഒരറ്റത്ത് നങ്ങൂരമിട്ട് പക്വതയോടെ കളിച്ചപ്പോൾ… മത്സര ഗതിക്കനുസരിച്ചു കൃത്യമായ ഇടവേളകളിൽ ആക്രമണത്തിന്റെ ഗിയർ മാറ്റി മൽസരം ഇന്ത്യൻ വരുതിയിലാക്കിയ ഇരു ഇന്നിംഗ്സ് റോബിൻ കളിച്ചു. ഒപ്പം ഗാംഗുലിയുടെ സെഞ്ചുറിയും കടന്ന ഘട്ടവും താണ്ടിയപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചു.38 ഓവറുകൾ പിന്നിടുമ്പോൾ ഈ കൂട്ട്കെട്ട് 250/1എന്ന നിലയിലേക്കും എത്തിച്ചു. ഇനിയുള്ള 10 ഓവറിൽ 65 റൺസ് മാത്രം മതിയെന്ന നിലയിൽ നിൽക്കെ റോബിൻ സിങ് പുറത്തായി.!!!
അതി നിർണ്ണായകമായ ഒരു ഇന്നിഗ്‌സിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും ചിറക് മുളപ്പിക്കാൻ സഹായിച്ച 83 പന്തിൽ നിന്നും നേടിയ 82 റൺസിന്റെ ഇന്നിഗ്‌സുമായി മടങ്ങുമ്പോൾ നിറഞ്ഞ കയ്യടികളുമായി ഗാലറി അയാളെ എതിരേറ്റു. 4 ഫോറുകളും 2 സിക്സറുകളുമായിരുന്ന അയാൾ നേടിയതെങ്കിലും ധാരാളം ഡബിളുകൾ ആ ഇന്നിഗ്‌സിൽ ഉണ്ടായിരുന്നു. വൈകാതെ ഗാംഗുലിയെയും (124) ഇന്ത്യക്ക് നഷ്ടമായപ്പോൾ റോബിൻ സിങ്ങിന്റെ ആ പുറത്താകൽ ഒരു ചെറിയ തകർച്ചയ്ക്ക് കാരണമായി.
പിന്നീട് മറ്റൊരു പ്രദീക്ഷയായിരുന്ന ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അജയ് ജഡേജ (8), നവജ്യോത് സിദ്ധു (5), നയൻ മോംഗിയ (9) എന്നിവർ കൂടി കാര്യമായ സംഭനയില്ലാതെ പുറത്തായപ്പോൾ മത്സരത്തിന് നാടകീയതയും വർധിച്ചു.
ഒടുവിലെ മത്സര പിരിമുറുക്കങ്ങൾക്കിടയിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 9 റൺസ്. എന്നാൽ യഥാക്രമം 11 റൺസ് നേടിയ ഹൃഷികേശ് കനിത്കറും 5 റൺസ് നേടിയ ജവഗൽ ശ്രീനാഥും ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. അവസാന രണ്ട് പന്തിൽ ഇന്ത്യക്ക് മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ കനിത്കർ നേടിയ ആ പ്രസിദ്ധമായ ബൗണ്ടറിയിലൂടെ. ചരിത്ര വിജയത്തിന് ഇന്ന് 24 വർഷം പിന്നിട്ടിരിക്കുന്നൂ