ഒരു സൈബര്‍ കേസില്‍ പോലീസ് റെയ്‌ഡിനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ആണ് മരിച്ചത്. രാജസ്ഥാനില്‍, ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞ് കൊല്ലപ്പെട്ടത് മനപൂര്‍വമെന്ന് കുടുബം.
ഒരു സൈബര്‍ കേസില്‍, ഇമ്രാനെ തിരഞ്ഞു പോലീസ് എത്തിയപ്പോഴാണ് സംഭവം. മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിമെതിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആല്‍വാറില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. രണ്ട് പോലീസുകാര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.
സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാത്തത് നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാക്കി. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന തങ്ങള്‍ വാതിലില്‍ പൊലീസ് ശക്തിയായി മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നതെന്നും വാതില്‍ തുറന്ന തന്നെ പിടിച്ചുതള്ളി പൊലീസ് വീട്ടിലേക്ക് കയറിയെന്നും ഇമ്രാൻ്റെ ഭാര്യ റസീദ ആരോപിച്ചു.
ആ സമയത്ത് പിഞ്ചുകുഞ്ഞും തൻ്റെ ഭര്‍ത്താവും കട്ടിലില്‍ കിടക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് ഭര്‍ത്താവിനെ പൊലീസ് വലിച്ചിറക്കാന്‍ നോക്കി. കുഞ്ഞ് കട്ടിലിൻ്റെ ഓരത്ത് കിടക്കുന്നുവെന്ന് തങ്ങള്‍ രണ്ടാളും അലറിപ്പറഞ്ഞിട്ടും പൊലീസ് കുഞ്ഞിനെ ചവിട്ടി കൊണ്ട് ഭര്‍ത്താവിനെ വലിച്ചിറക്കി കൊണ്ടു പോയെന്നും റസീദ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞ് കൊല്ലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആദ്യം നായ്‌ഗാവ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും തങ്ങള്‍ പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് തങ്ങളെ തിരിച്ചയക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് കുടുംബം പറയുന്നു. തന്നെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഭവത്തില്‍ പരാതിയൊന്നുമില്ലെന്ന് തന്നെ കൊണ്ട് എഴുതിച്ച് ഒപ്പിടുവിച്ചുവെന്നും റസീദയുടെ ഭര്‍തൃ സഹോദരന്‍ ഷൗക്കീന്‍ ആരോപിച്ചു.
കുറ്റാരോപിതരായ പൊലീസുകാരെ ഉടനടി സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്ത് നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത് വ്യാജ സൈബര്‍ കേസാണെന്ന് ഇമ്രാന്‍ വാദിക്കുന്നു.