റഷ്യയിലെ കസാന്‍ നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഉക്രൈന്‍ ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. 2001ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെൻ്റെറിന് നേരെ നടന്ന ആക്രമണത്തിൻ്റെ മാതൃകയിലാണ് ഡ്രോണുകള്‍ കസാനിലെ കെട്ടിടങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഡ്രോണ്‍ ആക്രമണത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കസാന്‍ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. മോസ്‌കോയില്‍ നിന്ന് 800 മീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് കസാന്‍.
’’കസാന്‍ നഗരത്തിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ശത്രുക്കള്‍ സാധാരണക്കാര്‍ക്ക് നേരെയും ആക്രമനാം അഴിച്ചുവിടുകയാണ്,’’ -എന്ന് ടാര്‍ടര്‍സ്ഥാന്‍ റിപ്പബ്ലിക് നേതാവ് റുസ്‌തം മിന്നിഖാനോവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ആക്രമണങ്ങളില്‍ ഉക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നിരവധി ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും അധികൃതര്‍ അറിയിച്ചു. എത്ര ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.