സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിയില്‍ നിന്നും സുരക്ഷിതമായ ഇടം തേടി പൈലറ്റുമാര്‍. കമ്പനി പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിലവിൽ 700 പൈലറ്റുമാരാണ് ജോലിമാറ്റം തേടി എയര്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
എയർ ഇന്ത്യ തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്രയധികം അപേക്ഷകൾ എത്തുന്നത്. ഏകദേശം 4,200 ക്യാബിൻ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കുന്ന ഒരു പുതിയ ഫ്ലൈറ്റ് പ്ലാനാണ് എയർ ഇന്ത്യ സമീപകാലത്തായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് പരസ്യത്തിന് മികച്ച പ്രതികരണമാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 470 വിമാനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായി തുടർന്നുള്ള ദിവസങ്ങളിലും വാക്ക് ഇൻ ഇന്റർവ്യൂ നടത്താനാണ് തീരുമാനമെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു. എയര്‍ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, ആകാശ എന്നീ വിമാന കമ്പനികൾക്കും നിരവധി അപേക്ഷകളാണ് ഗോ ഫസ്റ്റ് ജീവനക്കാരിൽ നിന്നും ലഭിക്കുന്നത്.