| രാഹുൽ ഹമ്പിൾ സനൽ
ലോഹിതദാസ് വിട പറഞ്ഞിട്ട് 14 വർഷങ്ങൾ. ലോഹിതദാസിൻ്റെ സിനിമകളെ വിലയിരുത്തുമ്പോൾ, അദ്ദേഹം തൻ്റെ ദളിത് സ്വത്വം നേരിട്ടോ തൻ്റെ സിനിമകളിലൂടെയോ തുറന്ന് സമ്മതിക്കാൻ വിസമ്മതിച്ചവനായും, സവർണ്ണ പശ്ചാത്തലത്തിൽ തുടർച്ചയായി സിനിമകൾ ചെയ്ത വ്യക്തിയായും ചില വിലയിരുത്തലുകൾ ഉണ്ടായേക്കാം. മുഖ്യധാരാ സിനിമാ മേഖലയിലെ അദ്ദേഹത്തിൻ്റെ നിലനിൽപ്പിൻ്റെ വിഷയം ആയിരുന്നിരിക്കാം അത്. പക്ഷേ ലോഹിയുടെ സിനിമകൾ വിലയിരുത്തുമ്പോൾ നമ്മൾ പലരും മറന്നു പോകുന്ന ഒരു സിനിമയാണ് ഉദ്യാനപാലകൻ.
മധ്യവയസ്കനായ സുധാകരൻ നായർ എന്ന മുൻ പട്ടാളക്കാരൻ്റെ പ്രണയമാണ് സിനിമയുടെ മുഖ്യ പ്രമേയം എങ്കിലും മറ്റൊരു ട്രാക്കിലൂടെ ജാതീയത അദ്ദേഹം വിഷയമാക്കി അവതരിപ്പിക്കുന്നുണ്ട്. സുധാകരൻ നായരുടെ പെങ്ങൾ സുമയുടേയും അവളെ പ്രണയിച്ച ദളിത് ക്രൈസ്തവനായ ലൈൻമാൻ ജോസിൻ്റെയും കൂടി കഥയാണ് ഉദ്യാനപാലകൻ.
സുമയെ സ്വന്തം സമുദായക്കാരനെെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയാണ് സുധാകരൻ… പക്ഷേ അവൾക്ക് അവിടെ ഏൽക്കുന്നത് ഗാർഹിക പീഢനമാണ്. പക്ഷേ സുമ അതൊന്നും ഏട്ടനെ അറിയിക്കുന്നില്ല. പക്ഷേ ജോസ് സുമയോടുള്ള സ്നേഹം അപ്പോഴും ഉപേക്ഷിക്കാതെ തികഞ്ഞ മദ്യപാനി ആയി തീരുകയാണ്. മിക്കവാറും ദിവസങ്ങളിൽ സുധാകരൻ നായരുടെ വീടിന് മുന്നിൽ വന്ന് ബഹളം വയ്ക്കുകയാണ് ജോസിൻ്റെ രീതി.
“അവൻ്റെ ഒരു പൂവും പൂക്കാടും… മനുഷ്യൻ്റെ മനസ് കാണത്തവനല്ലേ പൂവ്…
ഒരു ജാതി ഒരു മതം ഒരു ദൈവം… അല്ല തെറ്റി… ഒരു ജാതി ഒരു മതം ഒരു ദൈവം… പല നിറം.. ദേ കണ്ടോ… കറുത്തു പോയി.. ദേ ഇവനുണ്ടല്ലോ സുധാകരേട്ടൻ… ഭ്ഫ….ഇവൻ എങ്ങനാ ഏട്ടൻ ആയത്… സുധാകരൻ…. സുധാകരൻ നായര്… ഈ നായരെ ഞാൻ ഇന്നടിക്കും… “
പിന്നീട് സുമയുടെ ഭർത്താവ് മരണപ്പെടുന്നു. അപ്പോഴും ജോസ് സന്തോഷിക്കുന്നില്ല. “നിങ്ങൾ എല്ലാം കൂടി ഒരു പാവം പ്പെണ്ണിൻ്റെ ജീവിതം നശിപ്പിച്ചില്ലേ ” എന്നാണ് ജോസ് ചോദിക്കുന്നത്… പിന്നീട് ഒരിക്കൽ സുമ ഏട്ടനോട് പറയുന്നു: ” അയാൾ ഒരു പാവം ആയിരുന്നില്ലേ ഏട്ടാ… ആ മനുഷ്യൻ നശിച്ചത് ഞാൻ കാരണമാണ്… മോഹിപ്പിച്ചതും വഞ്ചിച്ചതുമൊക്കെ ഞാൻ തന്നെ… ഞാൻ പറഞ്ഞാൽ ഇപ്പോഴും അയാൾ അനുസരിക്കും… ഞാൻ പറഞ്ഞു… ഇങ്ങനെ സ്വയം നശിക്കരുത് എന്ന്… അത് ഒരു തെറ്റാണോ ഏട്ടാ…? എന്നു വച്ച് ഏട്ടൻ പേടിക്കണ്ട… ഏട്ടൻ വരച്ച വരക്ക് അപ്പുറം പോകില്ല സുമ… “
ഇപ്പോഴും തൻ്റെ തറവാടിത്തം എന്ന ഉച്ച നീചത്വങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്ത ധർമ്മസങ്കടത്തിൽ സുധാകരൻ തൻ്റെ കാമുകിയോട് വേവലാതിപ്പെടുന്നുണ്ട്: ” എന്ത് പറയും ഞാനവളോട്… അവൾ സ്നേഹിച്ചതാണവനെ… ഞാനാ അത് തകർത്തത്… സ്വർഗ്ഗം എന്നു കരുതി കൊടുത്തത് നരകം… അന്ന് അതവൾക്ക് ഒട്ടും ചേരും എന്നെനിക്ക് തോന്നിയില്ല… കറുത്തവൻ, പണമില്ലാത്തവൻ, അന്യജാതിക്കാരൻ… എങ്ങനെ ഇങ്ങനെ ഒരുത്തനെ എൻ്റെ കുട്ടിക്ക് ഇഷ്ടപ്പെട്ടു എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്… ഇപ്പോൾ… ഇപ്പോൾ എനിക്കറിയാം… സ്നേഹം ഒരു ചേർച്ച കുറവും നോക്കാറില്ല… “
പിന്നീട് ജോസിനൊപ്പം സുമ സന്തോഷമായിരിക്കുന്നത് കാണുന്ന സുധാകരൻ നായരോട് സുമ പറയുന്നുണ്ട്… ” ഏട്ടന് ഒരു വിലങ്ങ് തടിയാകരുത് എന്നേ ഞാൻ കരുതിയുള്ളു… അവിടുന്ന് പോരുമ്പോൾ… പക്ഷേ ഞാനിപ്പോൾ ജീവിക്കുകയാണ് എട്ടാ…” ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ലോഹിതദാസിനും ,കലാഭവൻ മണിക്കും രേഖാ മോഹനും ഓർമ്മ പൂക്കൾ അർപ്പിക്കുന്നു



