കോവിഡ്-19 മഹാമാരിക്കുശേഷം ഹൃദ്രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നില്‍ പലപ്പോഴും വില്ലന്‍ പരിവേഷം ലഭിച്ചത് കോവിഡ് വാക്‌സിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഒരു പുതിയ പഠനം പറയുന്നത് കോവിഡ് വാക്‌സിനെക്കാള്‍ കോവിഡ് വൈറസാണ് ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ്.
മയോകാര്‍ഡൈറ്റിസ് സാധ്യത വര്‍ധിപ്പിക്കുന്നതിന് കോവിഡ് വൈറസുകള്‍ കാരണമാകുന്നുണ്ടെന്നാണ് ജാമാ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കോവിഡ് വൈറസ് ഹൃദയപേശികള്‍ക്ക് വീക്കം സംഭവിക്കുന്ന മയോകാര്‍ഡൈറ്റിസ് അവസ്ഥയ്ക്ക് പ്രധാന കാരണമാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചശേഷം ഇത്തരം അവസ്ഥ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനം പറയുന്നു.
ഫ്രാന്‍സില്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 12നും 49നും ഇടയിലുള്ളവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കോവിഡ് വാക്‌സിനേഷന്‍ കാലയളവായ 2020 ഡിസംബര്‍ മുതല്‍ 2022 ജൂണ്‍ വരെയായിരുന്നു പഠനം.
വാക്‌സിനേഷനു ശേഷം ഏഴുദിവസങ്ങള്‍ക്കുള്ളില്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ചവര്‍, കോവിഡ് ബാധിച്ച് മുപ്പതുദിവസത്തിനുള്ളില്‍ മയാേകാര്‍ഡൈറ്റിസ് ബാധിച്ച വാക്‌സിനെടുക്കാത്തവര്‍, മറ്റു കാരണങ്ങള്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ചവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. 18 മാസം ഇവരെ നിരീക്ഷണവിധേയമാക്കി.
കോവിഡ്-19 ഉം മറ്റു കാരണങ്ങളും കൊണ്ട് മയോകാര്‍ഡൈറ്റിസ് ബാധിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനുമായി ബന്ധപ്പെട്ട മയോകാര്‍ഡൈറ്റിസ് ഉള്ളവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത പകുതിയായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.
എന്നിരുന്നാലും വാക്‌സിനുകള്‍ മയോകാര്‍ഡൈറ്റിസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നോ വാക്‌സിനേഷനോടുള്ള പ്രതിരോധ പ്രതികരണം വൈറസില്‍നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണെന്നോ പഠനം പറയുന്നില്ല. എന്നാല്‍ അപകടസാധ്യതയെക്കുറിച്ചുള്ള അവബോധം നല്‍കുന്നത് രോഗം നേരത്തേ കണ്ടെത്താന്‍ അവസരമൊരുക്കുമെന്നാണ് പഠനം പറയുന്നത്.