...
Home News Kerala ‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

കാസർകോട്ടെ ജനങ്ങൾക്ക് സുരേന്ദ്രനെ നന്നായി അറിയാം. കോഴ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്

218

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്നും കോടതി വിധിയിൽ അപ്പീൽ പോകുമെന്നും പരാതിക്കാരൻ വി.വി രമേശൻ പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അപ്പീലിന് പോകുക. കാസർകോട്ടെ ജനങ്ങൾക്ക് സുരേന്ദ്രനെ നന്നായി അറിയാം. കോഴ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത് എന്നും പരാതിക്കാരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയും കൂടാതെ മറ്റ് അഞ്ചു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ,സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ശനിയാഴ്‌ച കോടതില്‍ ഹാജരായിരുന്നു.

വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ.ശ്രീകാന്ത് പറഞ്ഞു.

2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്.പി സ്ഥാനാർത്ഥിത്വം പിൻവലിച്ചതും തുടർന്നുള്ള വെളിപ്പെടുത്തലുമാണ് കേസിന് ആസ്‌പദദമായ സംഭവം. കെ.സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്‌മാർട്ട്ഫോണും കോഴ നൽകിയെന്നാണ് കേസ്. മൊഴിയെടുക്കലിൽ താൻ സ്വന്തം ഇഷ്‌ടപ്രകാരമാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്ന് സുന്ദര പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കുന്നത്. ഇത് പരിഗണിച്ചാണ് വിധി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.