കേരളത്തിൽ ഇപ്പോൾ ഭരണവിരുദ്ധ വികാരമുണ്ടോ? മുഖ്യമന്ത്രിയായ പിണറായിക്കെതിരെ ജനവികാരമുണ്ടോ? ഉപതിരഞ്ഞെടുപ്പ് മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്നെങ്കിലും ഈ പ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക ചേലക്കര മണ്ഡലത്തിലെ വോട്ടർമാരാകും.
കാരണം, പ്രിയങ്കയുടെ വരവോടെ വയനാടിൻ്റെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രവചനങ്ങൾക്ക് പ്രസക്തി ഇല്ലാതായി. പാലക്കാട് മണ്ഡലത്തിലാവട്ടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാമതാണ്. ഈ സാഹചര്യത്തിൽ 39,000 വോട്ടിന് കെ.രാധാകൃഷ്ണൻ സിപിഎമ്മിനായി നിലനിർത്തിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ സംബന്ധിച്ച് അതിനിർണായകമാവും എന്ന് വിലയിരുത്താം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൻ്റെ ഭാഗമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനോട് 5000ൽപരം വോട്ടിന് പിന്നിലായിപ്പോയ രമ്യാ ഹരിദാസാണ് ഇപ്പോൾ ചേലക്കരയിൽ യുഡിഎഫിനായി ഇറങ്ങിയിരിക്കുന്നത്. 2016ൽ ഇടതുമുന്നണിക്കായി ഈ സീറ്റ് നിലനിർത്തിയത് യു ആർ പ്രദീപാണ്. ഇതേ പ്രദീപിനെതിരെ രമ്യ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഈ വിലയിരുത്തലിന് അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ ചേലക്കര, പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന സംവരണ സീറ്റാണ്.
സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷത്താൽ പറയപ്പെടുന്ന ജനരോഷം ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പലമടങ്ങ് വർധിച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. ഇതിനെ ശരിവെക്കുന്ന ഫലമാണ് നവംബർ 23നു ചേലക്കരയിൽ ഉണ്ടാകുന്നതെങ്കിൽ വിമർശനം പാർട്ടിയിലും മുന്നണിയിലും പിണറായിയുടെ ശൈലിക്കെതിരെ ഉയരുമെന്നത് ഉറപ്പാണ് .
കോൺഗ്രസ് മൂന്നാം സ്ഥാനത്ത് എത്തുന്ന സാഹചര്യമുണ്ടായാൽ മാത്രമേ പാലക്കാട് നിന്ന് പുതുമയുള്ള എന്തെങ്കിലും വാർത്തക്ക് സാധ്യതയുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ദേവസ്വം -പിന്നാക്ക -പട്ടിക വിഭാഗ ക്ഷേമമന്ത്രിയായ കെ രാധാകൃഷ്ണൻ നിർബന്ധിത സാഹചര്യത്തിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ച് എംപി ആയത് ഒട്ടും താൽപര്യമില്ലാതെ ആണെന്ന വാർത്തകൾ ആ ഘട്ടത്തിൽ തന്നെ ഉയർന്നു വന്നതാണ്.
എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറി ആകുന്നതിനായി മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ, സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിക്ക് വലതുവശത്ത് തൊട്ടുചേർന്നുള്ള ഇരിപ്പിടം പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായ കെ.രാധാകൃഷ്ണനാണ് നൽകിയത്. അത്തരത്തിലുള്ള ഒരാളെ പ്രോട്ടോക്കോൾ കുറഞ്ഞ എം പി സ്ഥാനത്തിനായി മത്സരിപ്പിച്ചതിനെ പൂർണമനസ്സോടെയല്ല സിപിഎം കേന്ദ്രങ്ങളാകെ സ്വീകരിച്ചത്.
ഇപ്പോഴാവട്ടെ ചേലക്കരയിൽ നിന്നു വരുന്ന വാർത്തകളും ഇതുപോലെ അസ്വസ്ഥതകളുടെ ആഴം വെളിവാക്കുന്നതാണ്. തൃശൂരിൽ തന്നെ ഉണ്ടായിട്ടും യു ആർ പ്രദീപിൻ്റെ റോഡ് ഷോയിൽ നിന്ന് കെ രാധാകൃഷ്ണൻ വിട്ടുനിന്നു എന്നതും ഇതിനെതിരെ സ്ഥാനാർത്ഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ ഒരടിയൊഴുക്കും സംഭവിക്കാത്ത വിധം മണ്ഡലം സംരക്ഷിക്കാൻ മന്ത്രിമാർക്കും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾക്കും ചുമതല വിഭജിച്ച് നൽകി എന്നാണ് അറിയുന്നത്.
ഒരുപക്ഷെ അട്ടിമറി സാധ്യത സംശയിക്കുന്ന സാഹചര്യത്തിൽ മുഴുവൻ മന്ത്രിമാർക്കും 10-ാം തീയതി വരെ മണ്ഡലങ്ങളിൽ ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്. വരുന്ന മാർച്ച് -മേയ് മാസങ്ങളിലായി കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ കേളികൊട്ടാകും മൂന്നിടത്തെയും, പ്രത്യേകിച്ച് ചേലക്കരയിലെ ഫലം.