കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി സഞ്ജു സാംസൺ. 50 പന്തിൽ 107 റൺസാണ് താരം അടിച്ചുകൂട്ടിയ്ക്ക്. ഈ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 61 റൺസിന് ഇന്ത്യ പ്രോട്ടീസിനെ തകർത്തിരുന്നു.
ഇന്നിംഗ്‌സിൽ 10 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമടങ്ങിയതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. മത്സരത്തിൽ മാൻ ഓഫ് ദ മാച്ചും സഞ്ജുവാണ്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും താരം സ്വന്തമാക്കി.
20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ 141 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
സഞ്ജു സ്വന്തമാക്കിയ മറ്റ് റെക്കോർഡുകൾ ഇവയാണ് ;
ഒരു ട്വന്‍റി20 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റോക്കോർഡ് രോഹിത് ശർമയോടൊപ്പം പങ്കിട്ടു. രണ്ടുപേരും 10 വീതം സിക്സറുകളാണ് നേടിയത്. ഒമ്പത് സിക്സർ നേടിയ സൂര്യകുമാർ യാദവാണ് തൊട്ടു പിന്നിൽ.
അന്താരാഷ്ട്ര ട്വന്‍റി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാനുംസഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടർച്ചയായി രണ്ട് തവണ നൂറിൽ തൊട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 47 പന്തിൽ നിന്ന് 111 റൺസായിരുന്നു സഞ്ജു നേടിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ. 2015ൽ ധർമശാലയിൽ രോഹിത് ശർമ നേടിയ 106 റൺസ് എന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്.
ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരം. സുരേഷ് റെയ്ന, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റുള്ളവർ.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ അവരുടെ നാട്ടിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന സ്കോറാണ് 107).. 2023 ഡിസംബറിൽ ജൊഹന്നാസ് ബർഗിൽ സൂര്യകുമാർ യാദവ് നേടിയ 100 റൺസാണ് പഴങ്കഥയായത്.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ ഏറ്റവുമുയർന്ന സ്കോർ നേടുന്ന നാലാമത്തെ താരമായി സഞ്ജു. ബാബർ അസം (122), ജോൺസൺ ചാൾസ് (118), ക്രിസ് ഗെയിൽ (117) എന്നിവരാണ് മുന്നിലുള്ളവർ.
വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വന്‍റി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരം. സെർബിയയുടെ ലെസ്ലി അഡ്രിയാനാണ് ഇക്കാര്യത്തിൽ സഞ്ജുവിനൊപ്പം. ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50ലേറെ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയേയും റിഷഭ് പന്തിനേയുമാണ് ഡർബനിലെ 107 റൺസ് പ്രകടനത്തിലൂടെ മറികടന്നത്.