മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചത്. ഒക്ടോബർ 10ന് ലഭിച്ച പരാതിയിലാണ് നടപടി. മുനമ്പത്തെ വഖഫ് ബോർഡ് സ്ഥല വിവാദത്തിനിടെ വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് നൽകി. വയനാട് ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിൽ വിഷയം കൂടുതൽ ചർച്ചയാകുകയാണ്.
5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചു പിടിക്കുന്നതിന് വഖഫ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
പ്രദേശത്തെ താമസക്കാരായ തലപ്പുഴ വി.പി ഹൗസിൽ വി.പി സലിം, ഫൈസി ഹൗസിൽ സി.വി ഹംസ ഫൈസി, അറഫ ഹൗസിൽ ജമാൽ, കൂത്തുപറമ്പ് നിർമലഗിരി മാങ്ങാട്ടിടം ഉക്കാടൻ റഹ്‌മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവർക്കാണ് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്. ഇതിൽ രവി, റഹ്‌മത്ത് എന്നിവരുടെ പേരിൽ സ്ഥലം മാത്രമാണുള്ളത്. മറ്റുള്ള മൂന്നുപേർ വർഷങ്ങളായി ഇവിടെ വീടുവെച്ചു താമസിക്കുന്നവരാണ്.
ഉപതെരെഞ്ഞെടുപ്പിന് ശേഷം നവംബർ 16 -നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്, മുനമ്പം വഖഫ് ഭൂമി പ്രശ്‌നം ഉന്നത യോഗം വിളിച്ച് മുഖ്യമന്ത്രി സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16-നുള്ളിൽ ഹാജരാക്കാനാണ് നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വഖഫിൻ്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിന് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബോർഡ് അഞ്ചുപേർക്ക് നോട്ടീസ് അയച്ചത്.
മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ അംശം തിണ്ടുമ്മൽ ദേശത്തിലെ സർവേ നമ്പർ 47/1, 45/1 നമ്പറിലായി വ്യത്യസ്‌ത ആധാരങ്ങളിലായി രജിസ്റ്റർ ചെയ്‌ത വഖഫിൻ്റെ 5.77 ഏക്കറിൽ മദ്രസയും പള്ളിയും ഖബർസ്ഥാനും ഉൾപ്പെടുന്ന 1.70 ഏക്കറിൽ നിലവിലുള്ളതായാണ് പള്ളിക്കമ്മിറ്റി അധികൃതർ വഖഫ് ബോർഡിനെ അറിയിച്ചിട്ടുള്ളത്.
അഞ്ചുപേർക്ക് മാത്രമാണ് നിലവിൽ നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ. അതേസമയം മുനമ്പം പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്ന് സമര സമിതി ഭാരവാഹികൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. ഈ മാസം 22ന് മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.