ഇന്ത്യന്‍ കരസേനയുടെ രാജപുത്ര റെജിമെന്റില്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദുവിന്റെയും യാഥാര്‍ത്ഥ ജീവിതകഥ പറയുന്ന ‘അമരന്‍ ‘ചലചിത്രം പ്രേക്ഷകമനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോഹരമായ പ്രണയകഥയ്ക്ക് അപ്പുറം ഈ ചിത്രം ഒരു കലാപ-ഭീകരവാദ ബറ്റാലിയനിലേക്കും അവരുടെ ദൈനംദിന ജീവിതത്തിലേക്കുമുളള കാഴ്ച്ചയാണ് ഒരുക്കുന്നത്.
റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി ജനിച്ച മുകുന്ദ് ചെറുപ്പം മുതല്‍ ഒരു സൈനികനാകണം എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നയാളാണ്. അദ്ദേഹം കൊമേഴ്സില്‍ ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ജേണലിസത്തില്‍ പിജി. ഡിപ്ലോമയും പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്ത് മുകുന്ദും മലയാളിയായ ഇന്ദു റബേക്ക വര്‍ഗീസും പ്രണയത്തിലാകുന്നത്.
മുകുന്ദ് 2005-ല്‍ കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസ് കമ്മിഷന്‍ പരീക്ഷ പാസായ ശേഷം ചെന്നൈയില്‍ സൈനിക പരിശീലനം ആരംഭിച്ചു. 2006-ല്‍ ലെഫ്റ്റനന്റ് പദവിയിലേക്കുയര്‍ന്ന മുകുന്ദ് രജ്പുത് റെജിമെന്റിന്റെ ഭാഗമായി. പിന്നിട് വീട്ടുകാരുടെ എതിര്‍പ്പിനെ ഒക്കെ മറികടന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകുകയും അവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു.
2014 ഏപ്രില്‍. രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന സമയം. കശ്മീരിലെ ഷോപിയാനില്‍ ബൂത്തുകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടാകുകയും മേജര്‍ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സംഘം 2014 ഏപ്രില്‍ 25ന് ഉച്ചകഴിഞ്ഞ് ഇവിടം വളയുകയും തുടര്‍ന്നുളള ഏറ്റുമുട്ടലില്‍ വെടിയേറ്റ മേജര്‍ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജനെ 2015ലെ റിപ്പബ്ലിക് ദിനത്തില്‍ ‘അശോകചക്ര’ നല്‍കി ആദരിച്ചു.
മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന ധീര രക്തസാക്ഷിയുടെ ജീവിതവും പ്രണയവും സമാനതകളില്ലാത്ത പോരാട്ട വീര്യവുമാണ് ഹൃദയ സ്പര്‍ശിയായ ഈ കഥയുടെ പ്രമേയം. മേജര്‍ മുകുന്ദും ഇന്ദു റബേക്ക വര്‍ഗീസും തമ്മിലുള്ള അചഞ്ചലമായ പ്രണയവും അവരുടെ പങ്കിട്ട സ്വപ്നങ്ങളും സൈന്യത്തോടുളള മുകുന്ദിന്റെ പ്രതിപത്തിയും ഇന്ദുവിന്റെ ത്യാഗവും തുടക്കം മുതല്‍ അവസാനം വരെ പ്രേഷകരുടെ കണ്ണുനനയിച്ചു. പെരിയസാമി സംവിധാനം ചെയ്ത അമരന്‍ ഒരു ബയോപിക് എന്ന നിലയില്‍ യാഥാര്‍ഥ്യത്തോട് നൂറു ശതമാനം കൂറ് പുലര്‍ത്തിയ ചിത്രമാണ്.
മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദുവിന്റെയും പ്രണയകഥ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചുലക്കുന്നു. സായി പല്ലവിയുടെ അച്ഛനായി മലയാള സിനിമാ സംവിധായകന്‍ ശ്യാമപ്രസാദും സഹോദരനായി മലയാളിയായ ശ്യാം മോഹനുമാണ് അഭിനയിച്ചിരിക്കുന്നത്. രാഹുല്‍ ബോസ് ആണ് മുകുന്ദിന്റെ കമാന്‍ഡിങ് ഓഫിസറായി അഭിനയിച്ചത്.
ഭുവന്‍ അറോറ, സുരേഷ് ചക്രവര്‍ത്തി, ശ്രീകുമാര്‍, ഗീത കൈലാസം, അന്‍പ് ദാസന്‍, ലല്ലു, ജോണ്‍ കൈപ്പള്ളി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍ സീക്വന്‍സുകളും കശ്മീരിന്റെ സൗന്ദര്യവും യുദ്ധഭൂമിയുടെ തീവ്രതയും ഒരേ മിഴിവോടെ പകര്‍ത്തിയതാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹൃദയത്തില്‍ തൊടുന്ന സംഗീതമാണ് മറ്റൊരു പ്രത്യേകത.
സൂപ്പര്‍ ഹിറ്റ് ചിത്രം അമരനിലെ ഓഡിയോ ?ഗാനം റിലീസ് ചെയ്തു. റിലീസിന് മുന്‍പ് തന്നെ സിനിമാസ്വാദകര്‍ ഏറ്റെടുത്ത ‘ഉയിരെ..’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ജി വി പ്രകാശ് രാജ് സം?ഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. നകുല്‍ അഭ്യങ്കര്‍, രമ്യ ഭട്ട് അഭ്യങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് അമരന്‍ കാഴ്ചവയ്ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനോടകം 250 കോടി കളക്ഷന്‍ ചിത്രം നേടിക്കഴിഞ്ഞു. സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.
ശിവ കാര്‍ത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരന്‍. രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.