ഏകദേശം ഒരുവർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ തിരിച്ചുവരവ് ആഘോഷമാക്കി പേസർ മുഹമ്മദ് ഷമി. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഷമിയുടെ മികവിൽ മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാൾ 11 റൺസിന് വിജയം നേടിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 99.2 ഓവറിൽ 326 റൺസിന് പുറത്തായി. ഫലസാധ്യത മാറിമറിഞ്ഞ കളിയിൽ കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിൻ്റെ വിജയം സമ്മാനിച്ചത്. സ്കോർ: ബംഗാൾ- 228, 276, മധ്യപ്രദേശ്- 167, 326.
ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുമാണ് ഷമി സ്വന്തമാക്കിയത്. ഷമിക്ക് പുറമേ നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീം, രണ്ടു വിക്കറ്റെടുത്ത രോഹിത് കുമാർ എന്നിവർ കൂടി ചേർന്നാണ് മധ്യപ്രദേശിനെതിരെ ടീമിന് വിജയം സമ്മാനിച്ചത്.
ബാറ്റുകൊണ്ടുള്ള ഷമിയുടെ സംഭാവനയാണ് മത്സരഫലത്തില് നിർണായകമായത്. പത്താമനായി ഇറങ്ങി 36 പന്തിൽ 37 റൺസെടുത്താണ് ഷമി ബാറ്റിങ്ങിലും മികവ് തെളിയിച്ചത്. ഷമിയുടെ കൂടി ഇന്നിങ്സിൻ്റെ ബലത്തിലാണ് ബംഗാൾ രണ്ടാം ഇന്നിങ്സിൽ 88.3 ഓവറിൽ 276 റൺസെടുത്തത്. ഒന്നാം ഇന്നിങ്സിൽ ആറു പന്തിൽ 2 റൺസിന് ഷമി പുറത്തായിരുന്നു.
പത്താമനായി ക്രീസിലെത്തിയ ഷമി, ഒമ്പതാം വിക്കറ്റിൽ സുരാജ് സിന്ധു ജയ്സ്വാളിനൊപ്പം 26 പന്തിൽ കൂട്ടിച്ചേർത്തത് 18 റൺസ്. പിന്നാലെ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ 41 പന്തിൽ 39 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ആണ് മധ്യപ്രദേശിന് മുന്നിൽ 338 റൺസ് വിജയലക്ഷ്യം ഉയർന്നത്.
നേരത്തേ, ഒന്നാം ഇന്നിങ്സിൽ ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയിഡണ് ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻ ബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.
ഏകദിന ലോകകപ്പിന് ശേഷം കാൽക്കുഴയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയേക്കും എന്നാണ് വിവരം. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമി ടീമിനൊപ്പം ചേരാനാണ് സാധ്യത. ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ തുടങ്ങും.