ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളില്‍ 20 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച നടന്ന വ്യാപാരത്തിലാണ് വ്യവാസായി അദാനിയുടെ ബിസിനസ് കുത്തനെ താണത്. ലിസ്റ്റു ചെയ്‌ത 10 അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് 2.60 ലക്ഷം കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകളില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്ക്കെതിരെ ഉയരുന്ന ആരോപണം. അദാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഏഴ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അദാനി എനര്‍ജി സൊലൂഷന്‍സാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്. സ്ഥാപനത്തിൻ്റെ ഓഹരിയില്‍ 20 ശതമാനമാണ് ഇടിവ് നേരിട്ടത്. അദാനി ഗ്രീന്‍ എനര്‍ജി ഏകദേശം 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. അദാനി ടോട്ടല്‍ ഗ്യാസും അദാനി പവറും യഥാക്രമം 13, 14 ശതമാനത്തോളം ഇടിഞ്ഞു. മറ്റ് കമ്പനികളായ അദാനി എൻ്റെര്‍പ്രൈസസ്, അംബുജ സിമന്റ്‌സ്, എസിസി, അദാനി പോര്‍ട്‌സ്, എന്നിവയുടെ ഓഹരികള്‍ 10 ശതമാനത്തോളം ഇടിഞ്ഞു. എന്‍ഡിടിവിയുടെ ഓഹരികളില്‍ 11 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. അടുത്തിടെ ഏറ്റെടുത്ത സൻഗി ഇന്‍ഡസ്ട്രീസിൻ്റെ ഓഹരികള്‍ ആറ് ശതമാനമാണ് ഇടിഞ്ഞത്.
ഹരിത ഊര്‍ജരംഗത്ത് പുതിയ നിക്ഷേപം നടത്തുമെന്ന് ബുധനാഴ്‌ച അദാനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അദാനി അഭിനന്ദിച്ചതിന് തൊട്ട് പിന്നാലെയാണ് ഓഹരികള്‍ ഇടിഞ്ഞത്. ഊര്‍ജ കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന ട്രംപിൻ്റെ വാഗ്ദാനം അദാനിയുടെ താത്പര്യങ്ങള്‍ക്ക് ഗുണകരമായിരുന്നു.
നിഫ്റ്റിയുടെ ഭാഗമായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിൻ്റെ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു.
ഗൗതം അദാനി, അദ്ദേഹത്തിൻ്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിൻ്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്‌ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യാ ഗവണ്‍മെന്റിൻ്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.