പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഹോസ്റ്റസിനെ ഇടിച്ചിട്ട് വാതിലിന് സമീപത്തേക്ക് യാത്രക്കാരന്‍. കീഴ്‌പ്പെടുത്തി സഹയാത്രികര്‍. 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. സഹയാത്രികരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. മില്‍വൌക്കീയില്‍ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.
മില്‍വൌക്കീയില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈനിന്റെ എയര്‍ബസ് 1915 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കാനഡയില്‍ നിന്നുള്ള യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച് ക്യാബിന്‍ ഡോര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ച എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കി ക്യാബിന്‍ ഡോറിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു.
ഇയാളെ സഹയാത്രക്കാര്‍ പിടിച്ച് വച്ച് കൈ കാലുകളില്‍ ഡക്റ്റ് ടേപ്പ് വച്ച് ബന്ധിച്ച് സീറ്റില്‍ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയര്‍ ഹോസ്റ്റസിനെ ഇടിച്ച് വീഴ്ത്തിയാണ് ഇയാള്‍ ക്യാബിന്‍ ഡോറിന് സമീപത്തേക്ക് എത്തിയത്. തനിക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ബഹളം. ഡാലസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ഇയാളെ വീല്‍ചെയറില്‍ ഇരുത്തിയാണ് വിമാനത്തിന് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
യാത്രക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നാണ് സംഭവത്തേക്കുറിച്ച് അമേരിക്കന്‍ എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിക്കുന്നത്.