ചെന്നൈ സ്വദേശികളായ ദമ്പതികൾ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം നടത്തിയത് വിവാദമായി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന ഗ്രൂപ്പിന്റെ നിർദ്ദേശം അനുസരിച്ച് മനോഹരൻ എന്ന ജെസിബി ഓപ്പറേറ്റർ ഭാര്യ സുകന്യയുടെ പ്രസവം വീട്ടിലായിരുന്നു നടത്തിയത്. ഡോക്ടറെ കാണിക്കാതെയും ആവശ്യമായ പരിശോധനകൾ നടത്താതെയുമായിരുന്നു ഈ നടപടി.
വൈദ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദ്രത്തൂർ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മനോഹരൻ വൈദ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നും അമ്മയും കുഞ്ഞും ഗുരുതരമായ അപകടത്തിലായിരിക്കാനിടയുണ്ടായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
36 വയസുകാരനായ മനോഹരനെ ചോദ്യം ചെയ്തതോടെ ആയിരത്തോളം അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ പങ്ക് പുറത്ത് വന്നു. മുമ്പ് രണ്ട് കുഞ്ഞുങ്ങളുടെ പ്രസവം ആശുപത്രിയിൽ നടത്തിയിരുന്ന ഇവർ, മൂന്നാമത്തെ പ്രസവം ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഗർഭധാരണ സമയത്ത് രോഗനിർണയ പരിശോധനകളും ചികിത്സയും ഒഴിവാക്കി.
നവംബർ 17-നാണ് സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുത്തു. സംഭവത്തിൽ പരാതിക്ക് പിന്നാലെ മാതാവിനും കുഞ്ഞിനും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. അനധികൃതവും അപകടകരവുമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.