നിർമ്മാണം പുരോഗമിക്കുന്ന തൃശൂർ നാട്ടിക ദേശീയപാത ബൈപ്പാസിനരികെ ഉറങ്ങിക്കിടന്ന നാടോടികൾക്ക് ഇടയിലേക്ക് തടി കയറ്റിവന്ന ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ പോലീസ് കേസ്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കാളിയപ്പൻ (50), ബംഗാഴി (20), നാഗമ്മ (39), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു. വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.
നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെ അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് തടി കേറ്റി വന്ന ലോറി ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്ത് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് കയറി ഉറങ്ങി കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ബൈപാസിനരികിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികൾ ആണ് മരിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
സംഭവത്തിൽ ലോറിയുടെ ക്ളീനർ കണ്ണൂർ ആലങ്കോട് സ്വദേശി അലക്‌സ് (33), ഡ്രൈവർ ജോസ് (54) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവർക്കുമെതിരെ ഐപിസി 304 (കുറ്റകരമായ നരഹത്യ) പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
മദ്യലഹരിയിൽ ക്ലീനർ അലക്‌സ് ആണ് വാഹനം ഓടിച്ചത്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് പോലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്നാലെ പോയ നാട്ടുകാരാണ് ലോറി തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.