16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂര്‍ണമായും വിലക്കാനുള്ള നടപടികൾ വൈകിപ്പിക്കണമെന്ന് ഓസ്ട്രേലിയൻ സര്‍ക്കാരിനോട് ഗൂഗിളും ഫേസ്ബുക്കും ആവശ്യപ്പെട്ടു. അത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താൻ കൂടുതല്‍ സമയം വേണ്ടതാണെന്ന നിലപാടാണ് കമ്പനികൾ അംഗീകരിച്ചത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
പതിനാറോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം പൂര്‍ണമായും നിരോധിക്കാനുള്ള ബിൽ കഴിഞ്ഞയാഴ്ച ഓസ്ട്രേലിയൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ ബില്ലിനെ കുറിച്ച് അഭിപ്രായം അറിയിക്കാൻ വെറും ഒരു ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചതെന്ന് ഗൂഗിളും മെറ്റയും ചൂണ്ടിക്കാട്ടുന്നു. പ്രായം തെളിയിക്കാൻ ആവശ്യമായ വെരിഫിക്കേഷൻ ടെക്‌നോളജിയുടെ പരീക്ഷണ ഫലങ്ങൾ ലഭ്യമാകുന്നതുവരെ നിയമ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇരുകമ്പനികളും ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ കമ്പനികളുടെ അഭിപ്രായം കൂടാതെ ബിൽ രൂപീകരിച്ചത് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നതാണെന്ന് ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് ആരോപിച്ചു. “വിദഗ്ദ ഉപദേശം തേടാതെയും മാനസികാരോഗ്യ സംവിധാനങ്ങളുടെ നിലപാട് മനസിലാക്കാതെയുമാണ് സര്‍ക്കാര്‍ നിയമനിർമാണവുമായി മുന്നോട്ടുപോകുന്നത്,” എന്നതാണ് ബൈറ്റ്‌ഡാന്‍സിന്റെ വിമർശനം.
നിരോധന നീക്കങ്ങൾ കുട്ടികളുടെ മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് എക്‌സ് (മുൻപേ ട്വിറ്റർ) വിലയിരുത്തൽ. സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷകരമാണെന്നും ഒരു വർഷത്തിനകം ഈ നിയമം പ്രാബല്യത്തിൽ വരുത്താന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികളുടെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെ,” എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.