| ശരണ്യ എം ചാരു
ഓർക്കുന്നുണ്ടോ രണ്ട് നടന്മാർ ഹോട്ടൽ മുറിയിൽ വച്ചു തല്ലു കൂടിയൊരു വീഡിയോ കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയത്. അന്നതേക്കുറിച്ച് അന്വേഷിച്ചപ്പഴാണ് അറിഞ്ഞത് അവർ വെറുതെ നാട്ടുകാരെ പറ്റിക്കാനും സിനിമയുടെ പേര് നാലാൾ അറിയാനും വേണ്ടി ഒപ്പിച്ച പണിയായിരുന്നു അതെന്ന്. കൂണ് പോലെ ഓൺലൈൻ മീഡിയകളുള്ള നാടായ കൊണ്ടാകാം ഉദ്ദേശം കൃത്യമായി നടന്നു. ആളുകൾ ആ വീഡിയോ ആഘോഷിച്ചു.
പറഞ്ഞു വരുന്നത് “ടർക്കിഷ് തർക്കം” എന്ന സിനിമയെ കുറിച്ചാണ്. മിക്കവാറും ആരും പേര് കേട്ടിരിക്കാൻ പോലും സാധ്യതയില്ലാത്ത ഈ പടം കഴിഞ്ഞ ആഴ്ച്ച തീയറ്ററിൽ റിലീസ് ആയി. പത്തോളം പടങ്ങൾ ഒരുമിച്ചിറങ്ങിയ ദിവസം, അതിലാകെ രണ്ടെണ്ണം മാത്രം പ്രേക്ഷക പ്രീതി വാങ്ങി മുന്നേറുന്ന സമയം. കാര്യമായ പ്രമോഷൻ വർക്കുകളോ മീഡിയ അറ്റൻഷനോ കിട്ടാതെ ഒരു പടം തീയറ്ററിൽ എത്തിയാൽ സ്വാഭാവികമായും എന്ത് സംഭവിക്കുമോ അത് തന്നെ സംഭവിച്ചിരിക്കണം. പടത്തിന് കാര്യമായ ആളില്ല തീയറ്ററിൽ.
വർഷത്തിൽ നൂറോളം സിനിമകൾ റിലീസ് ചെയ്യുന്ന മലയാള സിനിമ ഇന്റസ്ട്രിയിൽ ഒരു സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് ചില്ലറ കാര്യമല്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലെയല്ല കേരളം, ഇവിടത്തെ പ്രേക്ഷകർ കുറെ കൂടി സെലക്റ്റീവും പൊളിറ്റിക്കലുമായിട്ടാണ് പടങ്ങൾ തിരഞ്ഞെടുക്കുന്നതും കാണുന്നതും ആസ്വദിക്കുന്നതും അതിനെ വിമർശിക്കുന്നതും. സ്വാഭാവികമായും ടർക്കിഷ് പ്രതീക്ഷിച്ച രീതിയിൽ തീയറ്ററിൽ ക്ലിക്കായില്ലെന്ന് വേണം കരുതാൻ. പലരും ഇങ്ങനൊരു പടം ഇറങ്ങിയത് പോലും അറിഞ്ഞിട്ടില്ല. ആ സമയത്താണ് ഇന്ന് ഒരു പത്രക്കുറിപ്പ് കാണുന്നത് “മത നിന്ദ നടത്തിയെന്ന് ആരോപണം; സംവിധായകനും നിര്‍മ്മാതാവിനും ഭീഷണി; ‘ടര്‍ക്കിഷ് തര്‍ക്കം’ തിയേറ്ററുകളില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കാനൊരുങ്ങുന്നു” എന്ന്.
സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ തീയറ്ററിൽ ആരൊക്കെയോ തടയുന്നു, ഭീഷണിപ്പെടുത്തുന്നു എന്നൊക്കെ കേട്ടത് കൊണ്ടും, ചില സംഘപരിവാർ ചാനലുകളുടെ ആഘോഷം കണ്ടത് കൊണ്ടും ചുമ്മ ഒന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പ്രശ്നം എവിടെയെങ്കിലും നടന്നതായി സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പലർക്കും അറിവില്ല താനും.
സിനിമ ഷൂട്ടിങ് ആരംഭിച്ച സമയത്ത് നടന്മാർ തമ്മിൽ നടത്തിയ അടിപിടി പ്രാങ്ക് വീഡിയോ പോലെയല്ല ഈ പറഞ്ഞ വിഷയം. അതുകൊണ്ട് സമൂഹത്തിനോ ഏതെങ്കിലും മനുഷ്യർക്കോ നേരിട്ടൊരു അപകടവും ഉണ്ടായിട്ടില്ല എന്നത് കൊണ്ടുതന്നെ അവന്മാർ തല്ല് കൂടുന്നതോ തലപൊട്ടുന്നതോ ആശുപത്രിയിൽ ആകുന്നതോ ഒന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല. പക്ഷെ ഇപ്പോൾ ഈ കാണിക്കുന്നത് അപകടം പിടിച്ച കളിയാണ്. ആവശ്യത്തിലധികം മുസ്ലിം വർഗീയത ഇവിടെ രാഷ്ട്രീയ പാർട്ടികൾ തന്നെ പറയുന്നുണ്ടെന്നിരിക്കെ, സിനിമാക്കാരുടെ വകകൂടി അതുണ്ടാകുന്നത് കഷ്ടമാണ്.
ഒരു സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് സിനിമാക്കാരുടെ പണിയാണ്. അതിന് മികച്ച പിആർ വർക്കും, പ്രൊമോഷനും ഒക്കെയാണ് ആവശ്യം, അല്ലാതെ വർഗ്ഗീയത പറഞ്ഞ് അറ്റൻഷൻ പിടിച്ചു പറ്റിയല്ല സിനിമ വിജയിപ്പിക്കാൻ ശ്രമിക്കേണ്ടത്. അറിഞ്ഞോ അറിയാതെയോ ഇത് ചെയ്യുന്നത് ആരുതന്നെ ആയാലും, ഇതാരുടെ ബുദ്ധി ആയാലും അത് ആർക്ക് ഗുണകരമാകും ആർക്ക് ദോഷമായി മാറും എന്നതാണ് വിഷയം. സിനിമകൾ പൊളിറ്റിക്കൽ ആവേണ്ടതുണ്ട് എന്നതുപോലെ തന്നെ, ഒരു ആർട്ട് എന്ന നിലയിൽ അതിന് മറ്റുപല ഉത്തരവാദിത്വങ്ങൾ കൂടി സമൂഹത്തോട് ചെയ്യാനുണ്ട്. മനുഷ്യരെ പരസ്പരം തമ്മിൽ തല്ലിക്കുന്നതല്ല അതിന്റെ ഉദ്ദേശമെന്ന് ഇതു ചെയ്യുന്നവർ ഓർക്കുക. ഈ കെട്ട കാലത്ത് പ്രത്യേകിച്ചും