കേരളം ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ്. രാത്രികാല വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് കേരള പൊലീസ്. വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഉറക്കത്തോട് വാശി കാണിക്കരുതെന്നുമാണ് കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം:
ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേക്ക് വീണു പോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തി വെയ്ക്കണം.
ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിൻ്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്‌പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.
രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഉറക്കത്തിൻ്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.