ബിജെപി സര്‍ക്കാരിൻ്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 100 രൂപ വീതം നല്‍കുന്നത്. വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിൻ്റെ വിവരങ്ങള്‍ പുറത്ത്. നടി സണ്ണി ലിയോണിയുടെ പേരില്‍ വരെ ചിലര്‍ പണം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.
സണ്ണി ലിയോണി പ്രതിമാസം 1000 രൂപ വീതം കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിരേന്ദ്ര ജോഷി എന്നയാള്‍ പിടിയിലായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആണ് ചിലര്‍ സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ പേരില്‍ പണം തട്ടിയത്.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ഹാരിസ്.എ ആവശ്യപ്പെട്ടു.
ഇന്ത്യൻ എക്‌സ്‌പ്രസ് മഹതാരി വന്ദൻ യോജന വെബ്‌സൈറ്റ് പരിശോധിച്ചതായി റിപ്പോർട് ചെയ്‌തു. അവിടെ പദ്ധതിയുടെ ഓരോ ഗുണഭോക്താവിനും നൽകിയിരിക്കുന്ന തനതായ കോഡ് നൽകി ഒരു ഗുണഭോക്താവിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാം. കോഡും ക്യാപ്‌ചയും നൽകിയാൽ ഒരു പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്‌ത് ഗുണഭോക്താവിന് ഇതുവരെ എത്ര പണം ലഭിച്ചുവെന്ന് പരിശോധിക്കാം.
ഡിസംബർ നാലിന് സംസ്ഥാനത്തെ 70 ലക്ഷം വിവാഹിതരായ സ്ത്രീകൾക്ക് പദ്ധതിയുടെ പത്താം ഗഡുവായി 652.04 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതുവരെ 70 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 കോടി രൂപ പദ്ധതിക്ക് കീഴിൽ അയച്ചിട്ടുണ്ട്.