ക്രിസ്തുമസ് പോലെ തന്നെ മനസ്സിൽ ഓർമയിൽ വരുന്ന ഒന്നാണ് ക്രിസ്തുമസ് ട്രീ. പലർക്കും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നത് ഒരു സന്തോഷകരമായ കാര്യമാണ്. ഓരോ വർഷവും വ്യത്യസ്ത നിറങ്ങളും ശൈലികളും ഉപയോഗിച്ച് ക്രിസ്തുമസ് ട്രീകൾ ആകർഷകമായി ഒരുക്കുന്നു. എന്നാൽ, ക്രിസ്തുമസ് ട്രീയുമായി ബന്ധപ്പെട്ട പാരമ്പര്യവും ഐതിഹ്യങ്ങളും പ്രാധാന്യമുള്ളവയാണ്.
ക്രിസ്തുമസ് ട്രീ ഒരുക്കലിൻ്റെ പാരമ്പര്യം നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ്. കഠിനമായ ശൈത്യകാലത്ത് പുതുക്കലിൻ്റെയും ജീവിതത്തിൻ്റെയും പ്രതീകമായ നിത്യഹരിത വൃക്ഷങ്ങളെ ആദരിക്കുന്ന ഒരു പ്രാചീന ആചാരത്തിൻ്റെ ഭാഗമായാണ് ഇത് ആരംഭിച്ചത്.
പിന്നീട്, ക്രിസ്ത്യൻ സംസ്‌കാരങ്ങളുടെ ഭാഗമായി മാറിയ ക്രിസ്തുമസ് ട്രീ പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമായി മാറി. പ്രാരംഭ ദിവസങ്ങളിൽ ക്രിസ്തുമസ് ട്രീകൾ കുക്കികൾ, ആപ്പിളുകൾ, മിഠായികൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ജർമ്മനിയിലാണ് ആദ്യമായി ക്രിസ്തുമസ് ട്രീ ഒരുക്കിയത് എന്നത് ചരിത്ര പ്രസിദ്ധമാണ്.
പ്രാരംഭ കാലത്ത് ക്രിസ്തുമസ് ട്രീ അലങ്കരിക്കാൻ വെള്ളിയിലുള്ള ടിൻസലാണ് ഉപയോഗിച്ചിരുന്നത്. ഇതിന് പ്രത്യേകതരം തിളക്കം ഉണ്ടാക്കുന്നതായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. ക്രിസ്തുമസ് ട്രീയിൽ ഇപ്പോൾ ഉപയോഗിക്കുന്ന ലൈറ്റുകളുടെ ആദി രൂപം മെഴുകുതിരിയായിരുന്നു. പതിനേഴാം നൂറ്റാണ്ട് മുതലുള്ള ഈ രീതി മനോഹരമായിരുന്നെങ്കിലും തീപിടിക്കാനുള്ള സാധ്യതയുടെ പേരിൽ അപകടകരമായിരുന്നു.
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയരം കൂടിയ ക്രിസ്തുമസ് ട്രീ 1950ൽ അമേരിക്കയിലെ ഒറഗണിലെ വൂഡ്ബർണിലാണ് അലങ്കരിച്ചത്. 221 അടി ഉയരമുള്ള ഈ ട്രീയിൽ 1000ത്തിലധികം ലൈറ്റുകളാണ് ഉപയോഗിച്ചത്. ക്രിസ്തുമസ് ട്രീ ഒരുക്കാൻ പൈൻ, സ്പ്രൂസ് എന്നിവയും കൃത്രിമ വൃക്ഷങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു. ആദ്യമായി ക്രിസ്തുമസ് ട്രീ ഒരുക്കിയത് യൂ മരത്തിലാണ് എന്ന റിപ്പോർട്ടുകളുണ്ട്.
ക്രിസ്തുമസ് ട്രീയുമായി ബന്ധപ്പെട്ട് അനേകം ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും നിലനില്ക്കുന്നു. ഡിസംബർ 24ന് മുമ്പ് ട്രീ കൊണ്ടുവന്നാൽ നിർഭാഗ്യം ഉണ്ടാവുമെന്ന ഒരു വിശ്വാസം പ്രചാരത്തിലാണ്. ക്രിസ്തുമസ് രാത്രിയാണ് ട്രീ ഒരുക്കാൻ ഉചിതമെന്നും അങ്ങനെ ചെയ്‌താൽ ഭാഗ്യം വരുമെന്നുമാണ് പറയപ്പെടുന്നത്.
അതുപോലെ, ജനുവരി ഒന്നിന് മുമ്പ് ക്രിസ്തുമസ് ട്രീ നീക്കം ചെയ്യരുതെന്നൊരു വിശ്വാസവും ചിലർക്ക് ഉണ്ട്. കിഴക്കൻ യൂറോപ്പിൽ ക്രിസ്തുമസ് ട്രീയിൽ ചിലന്തി വന്നാൽ അത് ആരോഗ്യത്തിൻ്റെയും സമ്പത്തിൻ്റെയും പ്രതീകമാണെന്നതാണ് വിശ്വാസം. എന്നാൽ, ക്രിസ്തുമസ് ട്രീ മറിഞ്ഞ് വീണാൽ അത് നിർഭാഗ്യകരമാണെന്ന ധാരണയും ചിലർക്ക് ഉണ്ട്. ക്രിസ്തുമസ് ട്രീ ഇന്ന് ക്രിസ്തുമസ്സിൻ്റെ അകമഴിഞ്ഞ സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും അടയാളമായി മാറിയിട്ടുണ്ട്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.