ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശങ്ങൾ പാലിക്കാത്ത കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു . 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളിൽ എഫ് എസ് എസ് എ ഐ നിർദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും ഇവയില്‍ നിന്ന് 775500 രൂപ പിഴ ചുമത്തിയതായും വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുണ്ടായി. ഇതില്‍ വിധിയായ 34 അഡ്ജുഡിക്കേഷൻ കേസുകൾക്ക് 7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷൻ കേസുകൾക്ക് 7.89 ലക്ഷം രൂപ പിഴയും പിഴ വിധിച്ചു.
ഇതേസമയം തന്നെ 7979 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 2191 ലൈസൻസും നൽകി. 960 ഹോട്ടൽ തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി ട്രെയിനിങ് & സർട്ടിഫിക്കേഷൻ വഴി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ 91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി സർട്ടിഫൈ ചെയ്യുകയുണ്ടായി.
മൂന്ന് സ്കൂളുകൾ, ആറ് കോളേജ് ക്യാമ്പസുകൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്സ് ഓഫ് വർഷിപ്പ് ആയി സർട്ടിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.