ഇന്നത്തെ കാലഘട്ടത്തിൽ ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ. ഹണി റോസിന് അവർ നൽകിയ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ്.
നമ്മുടെ ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നുവെന്നും രാഹുൽ ഈശ്വർ പരിതപിച്ചു. . താൻ ഉയർത്തുന്ന വാദങ്ങളോ തന്റെ മറുപടികളോ അവർ കേട്ടിട്ടില്ല. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവജന കമ്മീഷൻ കേസെടുത്തു.
അവിടെ തൻ്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് താൻ പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് MLA മാരെ കാണും.
ഇതുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തി. 21ന് നിവേദനം നൽകും. സുപ്രീംകോടതിയിൽ നൽകിയ മാതൃകയിൽ ആയിരിക്കും നിവേദനം നൽകുക. സംസ്ഥാന നിയമസഭയിൽ പ്രൈവറ്റ് ബില്ല് കൊണ്ടുവരും എന്ന് ഉറപ്പ് എൽദോസ് കുന്നപ്പള്ളി MLA യിൽ നിന്ന് ലഭിച്ചു.
ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. അതിനൊരു അവസാനം വേണമെന്നും രാഹുൽ ഈശ്വർ പറയുന്നു . പരാതി കൊടുക്കുന്നവർ എല്ലാവരും അതിജീവിതമാരല്ല. എതിർഭാഗത്ത് നിൽക്കുന്നവർ വേട്ടക്കാരുമല്ല. പരാതിക്കാരും ആരോപണ വിധേയരും ആണ്. ആരോപണ വിധേയരായ പുരുഷന്മാർക്കും അവകാശങ്ങളുണ്ട്.
ദ്വയാർത്ഥ പ്രയോഗങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള ഹണിയുടെ നീക്കം പ്രശംസനീയം. അപ്പോഴും താൻ ഉന്നയിച്ച വിമർശനം നിലനിൽക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസ് വിമർശനത്തിന് അതീതയല്ല. പുരുഷ കമ്മീഷനു വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.