ബ്രിട്ടന്‍ ഇന്ത്യയെ കോളനി ആക്കിയിരുന്ന 1765നും 1900നും ഇടയിലുള്ള കാലത്ത് ഇന്ത്യയില്‍ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിൻ്റെ സമ്പത്ത് കടത്തിയതായി റിപ്പോര്‍ട്ട്. അതില്‍ 33.8 ട്രില്ല്യണ്‍ ഡോളറിൻ്റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ പത്ത് ശതമാനം പേര്‍ കൈക്കാലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ ആദ്യ ദിവസം എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഓക്‌സ്ഫാം ഇൻ്റെര്‍നാഷണലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
‘ടേക്കേഴ്‌സ്, നോട്ട് മേക്കേഴ്‌സ്’ (Takers, Not Makers) എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിൻ്റെ മാത്രം സൃഷ്ടിയാണെന്ന് അവകാശപ്പെടുന്ന നിരവധി പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.
കൊളോണിയലിസത്തിൻ്റെ കാലത്ത് രൂപപ്പെട്ട അസമത്വത്തിൻ്റെയും കൊള്ളയുടെയും പാരമ്പര്യങ്ങള്‍ ആധുനിക ജീവിതത്തെ രൂപപ്പെടുത്തുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ആഴത്തില്‍ അസമത്വം നിലനില്‍ക്കുന്ന ഒരു ലോകത്തെ സൃഷ്ടിച്ചു. വംശീയതയെ അടിസ്ഥാനമാക്കിയുള്ള വിഭജനത്താല്‍ കീറിമുറിക്കപ്പെട്ട ഒരു ലോകം. പ്രധാനമായും ഗ്ലോബല്‍ നോര്‍ത്തിലെ ഏറ്റവും ധനികര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഗ്ലോബല്‍ സൗത്തില്‍ നിന്ന് സമ്പത്ത് വേര്‍തിരിച്ചെടുക്കുന്ന ഒരു ലോകത്തെയാണ് കോളനിവത്കരണം സൃഷ്ടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫാം പറഞ്ഞു.
‘ലണ്ടന്റെ ഉപരിതലത്തില്‍ നാല് തവണ പരവതാനി പോലെ വിരിക്കാന്‍ മാത്രമുള്ള സമ്പത്ത്’
1765നും 1900നും ഇടയില്‍ യുകെയിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ ഇന്ത്യയില്‍നിന്ന് മാത്രം 33.8 ട്രില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്പത്ത് കൈക്കലാക്കിയതായി വിവിധ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫാം വ്യക്തമാക്കി.
ബ്രിട്ടീഷ് പൗണ്ട് നോട്ടുകള്‍ ഉപയോഗിച്ച് ബ്രിട്ടൻ്റെ മുകളില്‍ നാല് തവണ പരവതാനി പോലെ വിരിക്കാനുള്ള സമ്പത്ത് ഉണ്ട് ഇത്.
ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിൻ്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയുള്ള കോര്‍പ്പറേഷനുകളാണ് ഇതിന് തുടക്കമിട്ടത്. അത് സ്വയം ഒരു നിയമമായി മാറുകയും നിരവധി കൊളോണിയല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇവ ഉത്തരവാദിയുമായിരുന്നു.
“ആധുനിക കാലത്ത്, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ പലപ്പോഴും കുത്തക അല്ലെങ്കില്‍ കുത്തക സ്ഥാനങ്ങള്‍ കൈവശം വെച്ചിരിക്കുന്നു. ഗ്ലോബല്‍ സൗത്തിലെ തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ ഗ്ലോബല്‍ നോര്‍ത്ത് മേഖലയിലെ സമ്പന്നരായ ഓഹരി ഉടമകള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന് തുടരുകയാണ്,” -റിപ്പോര്‍ട്ട് പറയുന്നു.