കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകൾ പൊലീസ് ശേഖരിക്കും. സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ അഹമ്മദിൻ്റെ മരണത്തിന് പിന്നാലെ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടിരുന്നു.
മിഹിറിൻ്റെ ചില സുഹൃത്തുക്കൾ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിൻ്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളിൽ നിന്നാണ് മിഹിറിൻ്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി.
ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പൊലീസ് കത്തയച്ചു. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദിനെ (15) ജനുവരി 15നാണ് ഫ്ലാറ്റിൽ നിന്നു വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപാഠികളുടെ ക്രൂരമായ റാഗിങ് മൂലമാണ് മകൻ മരിക്കാനിടയായത് എന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ മാതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ കുറിപ്പും ഇട്ടിരുന്നു.




