തമാശയെന്ന മട്ടില്‍ പറഞ്ഞ അശ്ലീല പരാമര്‍ശത്തിൻ്റെ പേരില്‍ യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയക്ക് കോടതിയില്‍ നിന്ന് ആശ്വസിക്കാവുന്ന ഉത്തരവ് ലഭിച്ചെങ്കിലും കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് ശക്തമായ ശകാരം. സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ ആയ ഇന്ത്യാസ് ഗോട്ട് ലേറ്റന്റില്‍ രണ്‍വീര്‍ പറഞ്ഞത് മാതാപിതാക്കള്‍ക്കും മുഴുവന്‍ സമൂഹത്തിനും നാണക്കേടാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. രണ്‍വീറിൻ്റെ അറസ്റ്റ് കോടതി താത്ക്കാലികമായി തടഞ്ഞു. യൂട്യൂബ് ഷോ ചെയ്യുന്നതില്‍ നിന്ന് രണ്‍വീറിനെ താത്ക്കാലികമായി തടഞ്ഞിട്ടുമുണ്ട്.
രണ്‍വീറിൻ്റെ ആ പരാമര്‍ശം അപലപനീയവും നിന്ദ്യവും വൃത്തികെട്ടതും ആണെന്ന് കോടതി വിലയിരുത്തി. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി ആര്‍ക്കും എന്തും പറയാമെന്ന ധാരണ വേണ്ടെന്നും കോടതി ശക്തമായ ഭാഷയില്‍ രണ്‍വീറിനെ ഓര്‍മപ്പെടുത്തുകയും ചെയ്‌തു. ആ പരാമര്‍ശം നിങ്ങളുടെ ദുഷിച്ച മനസിനെ തുറന്നുകാട്ടിയെന്നും പരാമര്‍ശം ഇവിടുത്തെ എല്ലാ അച്ഛനമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപമാനമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രണ്‍വീറിനെ അടിമുടി കുടഞ്ഞത്. വൃത്തികെട്ട മനസിനെ തൃപ്‌തിപ്പെടുത്താന്‍ എന്തും പറയാമെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടോ എന്നും കോടതി രണ്‍വീറിനോട് ചോദിച്ചു.
രണ്‍വീറിന് നിരവധി ഭീഷണികളും സൈബര്‍ ആക്രമണവും നേരിടേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ അത് എങ്ങനെയെങ്കിലും പ്രശസ്‌തി കിട്ടാനുള്ള ചിലരുടെ വിലകുറഞ്ഞ ശ്രമങ്ങളെന്ന് കോടതി തള്ളി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണത്തിനായി രണ്‍വീറിന് മഹാരാഷ്ട്ര പൊലീസിനേയോ അസം പൊലീസിനേയോ സമീപിക്കാമെന്നും കോടതി പറഞ്ഞു.