തിരുവനന്തപുരം, വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അൻഫാനെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് ചൊവാഴ്‌ച തെളിവെടുപ്പ് നടത്തി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിത ബീവിയെയും കൊലപ്പെടുത്തിയ രീതിയും അൻഫാൻ പൊലീസിനോട് വിവരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലത്തീഫിൻ്റെ ഫോണും വീടിൻ്റെ താക്കോലും പൊലീസ് കണ്ടെത്തി.
ചുള്ളാളം എസ്.എൻ നഗറിലുള്ള ലത്തീഫിൻ്റെ വീട്ടിൽ 20 മിനിറ്റോളമാണ് തെളിവെടുപ്പ് നടത്തിയത്. ആദ്യം സോഫയിലിരുന്ന ലത്തീഫിനെയാണ് അഫാൻ കൊലപ്പെടുത്തിയത്. ആക്രമിക്കുന്നതിനിടയിൽ ലത്തീഫിൻ്റെ ഫോണിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവിനെ കൊലപ്പെടുത്തുന്നത് കണ്ട് ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച സാജിത ബീവിയെ ആദ്യം അടിച്ചത് അവരുടെ കൈക്കായിരുന്നു. പിന്നാലെ പുറകെയെത്തി ചുറ്റിക ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ചു.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിൻ്റെ മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിന് ശേഷമാണ് അഫാൻ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. വീട്ടിൻ്റെ താക്കോലും മൊബൈൽ ഫോണും വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരിടത്ത് ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പിനിടെ പൊലീസ് ഇതൊക്കെ കണ്ടെത്തി.
ഫെബ്രുവരി 24-നായിരുന്നു നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിത, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ ആയിരുന്നു അഫാന്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.