ഔറംഗസേബ് ജനങ്ങളെ വലിയ തോതില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് അദ്ദേഹം പല അനീതികളും കാട്ടി. ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നിട്ടും ഔറംഗസേബിനെ നായക പരിവേഷം നല്‍കുന്നുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
മഹാരാഷ്‌ട്രയിലെ സംഭാജിനഗറില്‍ മഹാറാണ പ്രതാപിന്‍റെ പ്രതിമ അനാച്‌ഛാദന ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രി സഞ്ജയ് ഷിര്‍സത്, പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ, പാര്‍ലമെന്‍റംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഔറംഗസേബിനെ ഉയര്‍ത്തിക്കാട്ടുന്നവര്‍ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പുസ്‌തകം വായിക്കണമെന്നും അതിലൂടെ എത്ര ക്രൂരനായ ഭരണാധികാരി ആയിരുന്നു ഔറംഗസേബെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിന്‍റെ മണ്ണില്‍ മഹാറാണ പ്രതാപിന്‍റെ പ്രതിമ അനാച്‌ഛാദനം ചെയ്യാനായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും സിങ് പറഞ്ഞു.
പതിനാറ് അടി പൊക്കമുള്ള കുതിരപ്പുറത്തിരിക്കുന്ന മഹാറാണ പ്രതാപിന്‍റെ പ്രതിമയാണ് ഛത്രപതി സംഭാജി നഗറിലെ കൊണാട്ട് പൂന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഛത്രപതി ശിവജി മഹാരാജിന്‍റെയും മഹാറാണ പ്രതാപിന്‍റെയും സമാനതകള്‍ എടുത്ത് കാട്ടിയ രാജ്‌നാഥ് ഇവര്‍ ധീരതയോടെ പൊരുതുക മാത്രമല്ല മറിച്ച് ദേശീയ താത്‌പര്യത്തിന് വേണ്ടി നിലകൊള്ളുകയും സമൂഹത്തെ ഒന്നിപ്പിക്കുകയും ചെയ്‌തെന്നും ചൂണ്ടിക്കാട്ടി. മഹാറാണ പ്രതാപിന്‍റെ സൈന്യത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടികവര്‍ഗക്കാര്‍, മുസ്‌ലീങ്ങള്‍, മറ്റ് സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇവര്‍ യുദ്ധ നായകര്‍ക്കപ്പുറം ഐക്യത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യാനന്തരം ഈ രാജാക്കന്‍മാരുടെ തെറ്റായ ചരിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഏകാധിപതികളായ ഔറംഗസേബിനെ പോലുള്ളവരെ മഹത്വവത്ക്കരിക്കാനും ശ്രമമുണ്ടായി. ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുള്ള പുസ്‌തകം വായിക്കൂ, പല കാര്യങ്ങളും വ്യത്യസ്‌തമാണ്. ഒരു രാജാവിന് എങ്ങനെയാണ് മതം മാറ്റം നടത്താനാകുക. ഹിന്ദു സ്ഥാപനങ്ങള്‍ നശിപ്പിക്കാനാകുക. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവരാണോ നായകര്‍ എന്നും അദ്ദേഹം ചോദിച്ചു.